പാലാ: ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തത് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തടസം സൃഷ്ടിക്കുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. പൊതുമരാമത്ത് റോഡ് പൊളിച്ചത് റീടാർ ചെയ്തിട്ടുണ്ട്. എന്നാൽ ഗ്രാമീണ റോഡ് റീ ടാർ ചെയ്ത് പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല. പൈപ്പ് ലൈൻ ഇടുന്നതിനുവേണ്ടി പൊളിച്ച ഭാഗം പൂർവസ്ഥിതിയിലാക്കേണ്ടത് ജലജീവൻ മിഷന്റെ കരാറുകാരാണ്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്നതിനായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും വാട്ടർ അതോറിട്ടി പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.