ആർപ്പൂക്കര: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ഇടറോഡുകൾ വെള്ളത്തിലായത് ഗതാഗതത്തെ ബാധിച്ചു. മീനച്ചിലാറിന്റെ ഭാഗമായ തോടുകൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടിനു ശമനമുണ്ടാക്കാൻ കോനകരി തോട്ടിലെ പായലും പോളയു മാലിന്യവും നീക്കും. ജലനിരപ്പ് ഉയർന്നാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒരു ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കിയതായി ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അറിയിച്ചു. ഇന്നലെ കരിപ്പൂത്തട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂഴിമുഖം- ചിറേപ്പള്ളി, കരുപ്പ ഭാഗം, റാണി റൈസ് -കാട്ടടി റോഡ്, പറയഞ്ചാലി മൂഴിമുഖം- ചിറേപ്പള്ളി, കരുപ്പ ഭാഗം, റാണി റൈസ് -കാട്ടാഴ റോഡ്, പറയഞ്ചാലി നാലുതോട് റോഡ്, കണിച്ചേരി- മണിയാപറമ്പ് റോഡ് തുടങ്ങിയ റോഡുകളിൽ വെള്ളം കയറി.

പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചു

പഞ്ചായത്ത് പരിധിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകളിൽ ആർപ്പൂക്കര പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചു.