കോട്ടയം : ചൂട് കൂടിയതോടെ പരിപാലിക്കാൻ കഴിയാതെ സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട ക്ഷീരകർഷകർ. പാൽ ഉത്പാദനം കുറഞ്ഞതിന് പിന്നാലെ പരിപാലന ചെലവും ഉയർന്നതോടെയാണ് പശുക്കളെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നത്. നാടൻ പശുക്കളേക്കാൾ പാൽ ലഭിക്കുന്നതിനാൽ ചെറുകിട കർഷകരും ഒന്നോ രണ്ടോ സങ്കരയിനം പശുക്കളെ വാങ്ങി വളർത്താൻ തുടങ്ങിയിരുന്നു.
എച്ച് എഫ്, ബ്രൗൺ, സിന്ധ്, ജേഴ്സി ഇനങ്ങളാണ് ഏറെയും. എന്നാൽ ചൂടു കാലത്ത് ഇവയ്ക്ക് അധിക പരിപാലനം ആവശ്യമാണ്. ഫാനും കമ്പ്രസ്സറുകളും ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ പശുക്കൾക്കായി തൊഴുത്തുകളിൽ ഒരുക്കണം. ഫാമുകളിൽ ഇവ സാദ്ധ്യമാണെങ്കിലും വർദ്ധിച്ച ചൂടിന്റെ കാലത്ത് ചെറുകിട കർഷകർ പെടാപ്പാടുപെടുകുയാണ്. അലുമിനിയം ഉൾപ്പെടെയുള്ള ഷീറ്റുകൾ കൊണ്ടാണ് തൊഴുത്തുകളുടെ മേൽക്കൂര. ഇതിനു മുകളിൽ ഓല നിരത്തി വെള്ളം ഒഴിച്ചിട്ടും ചൂട് കുറയ്ക്കാനാകുന്നില്ല.
പ്രശ്നം ഗുരുതരം
കറവപ്പശുക്കൾ തളർന്ന് വീഴുന്നു
ചൂട് സഹിക്കാനാവാതെ കറവപ്പശുക്കൾ തളർന്ന് വീഴുന്ന സംഭവങ്ങളും വർദ്ധിച്ചു. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും തീറ്റയെടുക്കാനാകാത്തതുമാണ് പശുക്കളിൽ പാൽ കുറയാൻ കാരണം. സങ്കരവർഗം കന്നുകാലികൾക്ക് 28 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ചൂട് മാത്രമേ അഭികാമ്യമായുള്ളൂ. ക്ഷീര സഹകരണ സംഘങ്ങളിൽ അളക്കുന്ന പാലിന്റെ അളവും ഗണ്യമായി കുറഞ്ഞു. പള്ളിക്കത്തോട് ക്ഷീര സഹകരണ സംഘത്തിൽ 900 ലിറ്റർ പാലുവരെ അളന്നിരുന്നെങ്കിൽ അത് 800 ലിറ്ററായി കുറഞ്ഞു. ഫാമുകളിൽ 50 ലിറ്ററിന്റെ വരെ കുറവുണ്ട്.
ചൂടിൽ ചത്തത് : 10 പശുക്കൾ
''2006 മുതൽ പശുക്കളെ വളർത്തുന്നു. കാലിത്തീറ്റയ്ക്ക് വില വർദ്ധന ഉണ്ടായിട്ടും പശുക്കളെ വിൽക്കാൻ മനസ് വന്നില്ല. എന്നാൽ കനത്ത ചൂടിൽ പിടിച്ച് നിൽക്കാനാകുന്നില്ല. സങ്കരയിനം പശുക്കളുടെ കാര്യമാണ് കൂടുതൽ കഷ്ടം.
ജോസഫ് ജോൺ കർഷകൻ