രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ജാതി സർവേ നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ, കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാത്രമല്ല, ദേശീയതലത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ച പാർട്ടി മാനിഫെസ്റ്റോയിലും ജാതി സെൻസസ് നടപ്പാക്കുമെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ബീഹാറിന്റെയും മറ്റും ചുവടുപിടിച്ച് ജാർഖണ്ഡിൽ ജാതി സർവേ നടത്താനുള്ള നടപടിയുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി ചംപയ് സോറൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സർവേ നടത്താനുള്ള തീരുമാനത്തിലാണ് ജാർഖണ്ഡ് സർക്കാർ.
അടുത്തിടെയാണ് രാജസ്ഥാൻ, തെലങ്കാന സർക്കാരുകൾ ജാതി സെൻസസിനുള്ള നടപടികൾ ആരംഭിച്ചത്. ഒഡിഷ കഴിഞ്ഞ ജൂലായിൽ ജാതി സർവേ നടത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള വിവിധ സംസ്ഥാന സർക്കാരുകൾ ജാതി സെൻസസ് നടത്താനുള്ള നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സെൻസസ് പ്രഖ്യാപനം നടത്തിയത്. അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.
കോൺഗ്രസും
ജാതിക്കണക്കും
ജാതി സെൻസസ് നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ ബഹുഭൂരിപക്ഷം കക്ഷികളും. എന്നാൽ ജാതി സർവേ പൂർത്തിയാക്കിയ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണ്ണാടക സർക്കാർ, ആ സർവേ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ബീഹാർ സർക്കാർ ജാതി സെൻസസ് പ്രഖ്യാപിക്കുകയും അത് പൂർത്തിയാക്കുകയും സെൻസസ് റിപ്പോർട്ട് ഇതിനകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആന്ധ്രാ സർക്കാർ ഈയിടെ ജാതി സെൻസസിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഐതിഹാസികമായ ഒരു സംഭവമായി ആന്ധ്രയിലെ ഈ ജാതി സർവേ മാറുകയാണ്.
ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പികൾ ഒരുമിച്ചു നടക്കുന്ന ആന്ധ്രയിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നിർണായക രാഷ്ട്രീയ നീക്കമാണിത്. കഴിഞ്ഞ ഏപ്രിലിൽ ജാതി - ജനസംഖ്യാ സെൻസസുകൾ ഒരുമിച്ചു നടത്തുമെന്ന് ആന്ധ്രാ നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കുകയും, ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് ജഗൻ മോഹൻ റെഡി കത്തു നൽകുകയും ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. കേന്ദ്രം ഉടനൊന്നും ജാതി സെൻസസ് നടപ്പാക്കിലെന്ന് ഉറപ്പായതോടെയാണ് ആന്ധ്രാ സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനമെടുത്തത്.
ബീഹാർ സർവേ
പറയുന്നത്
ബീഹാറിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുഖ്യമന്ത്രി നിധീഷ് കുമാർ ജാതി സെൻസസ് നടപ്പിലാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനം പേർ സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന ജാതിവിഭാഗങ്ങളിഷപ്പെട്ടവരാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ഒ.ബി.സി വിഭാഗക്കാർ 27 ശതമാനം വരും. ഇവ രണ്ടും ചേർന്നുതന്നെയായി, ജനസംഖ്യയിൽ 63 ശതമാനം. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരുടെ എണ്ണം കൂടി ചേരുമ്പോൾ സംസ്ഥാന ജനസംഖ്യയുടെ ഭൂരിഭാഗവും പിന്നാക്ക ജാതി വിഭാഗക്കാരായി.
ആന്ധ്രയിലേയും തെലങ്കാനയിലേയും പിന്നാക്ക സർവേ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുമെന്നതിൽ സംശയമില്ല. ജാതി സെൻസസ് ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് സ്വന്തം പാർട്ടി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും സർവേ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ ഡി.എം.കെ അടക്കം ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനായുള്ള നടപടികളൊന്നും കൈകൊണ്ടിട്ടില്ല. ഇടതുപക്ഷ പാർട്ടികൾ ഭരണത്തിനുള്ള കേരളത്തിലും ജാതി സെൻസസുമായി ബന്ധപ്പെട്ട് ഒരു നടപടിയും നാളിതുവരെ കൈക്കൊണ്ടിട്ടില്ല.
മുന്നാക്ക താത്പര്യം
മുന്നിടുമ്പോൾ
സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നാക്കം നില്ക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന്റെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകാത്ത ഭരണാധികാരികൾക്ക് തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടി കിട്ടുമെന്ന യാഥാർത്ഥ്യം പല പാർട്ടികളും വിസ്മരിക്കുകയാണ്. ഈ പാർട്ടികൾക്കെല്ലാം സമൂഹത്തിലെ ന്യൂനപക്ഷമായ മുന്നാക്ക വിഭാഗങ്ങളുടെ താത്പര്യമാണ് പ്രധാനം. പിന്നാക്ക ജനവിഭാഗങ്ങളുടെ കൃത്യമായ എണ്ണമോ വിശദവിവരങ്ങളോ സർക്കാരിന്റെ കൈവശമില്ല. വസ്തുതാവിരുദ്ധമായ ജാതി കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമുദായിക സംവരണം ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണവും പട്ടികജാതി - പട്ടികവർഗ്ഗ സംവരണവും ഒന്നും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടുമില്ല. ഇതിനൊക്കെ ആദ്യം വേണ്ടത് ജാതി സർവേ തന്നെയാണ്. ഇതിനു തയ്യാറാകാത്തത് കേന്ദ്ര സർക്കാർ ആയാലും, സംസ്ഥാന സർക്കാരുകളായാലും പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്നു കരുതുന്നവർ തന്നെയാണ്.
പിന്നാക്ക ജനവിഭാഗങ്ങളാണ് കേരളം, തമിഴ്നാട്, ബംഗാൾ അടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും. ഈ വിഭാഗങ്ങളുടെ വികാരം മാനിക്കാതെയും, മഹാഭൂരിപക്ഷത്തിനും സാമൂഹ്യനീതി നിഷേധിച്ചും ഒരു സർക്കാരിനും അധികകാലം മുന്നോട്ടു പോകാനാവില്ല. സംസ്ഥാനങ്ങൾക്കു തന്നെ ജാതി സെൻസസ് നടത്താൻ കോടതിയും കേന്ദ്ര സർക്കാരും അനുമതി നൽകിയിട്ടും ജാതി സെൻസസ് കേന്ദ്രമാണ് നടത്തേണ്ടതെന്നു പറഞ്ഞ് കൈകഴുകുന്ന ചില സംസ്ഥാന സർക്കാരുകളും രാജ്യത്തെ ഇടതുപക്ഷവും സ്വന്തം ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
സവർണരുടെ
സൂത്രവിദ്യകൾ
രാജ്യത്തെ പിന്നാക്ക- പട്ടിക ജനവിഭാഗങ്ങൾക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് കേരളത്തിലെ പ്ലസ് വൺ പാഠപുസ്തകത്തിൽ അടിവരയിട്ട് പറയുന്നത്, 'കേരളകൗമുദി" നേരത്തേ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പരിഹാരം സാമ്പത്തിക സംവരണമാണെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബിസിൽപ്പെട്ട ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തിൽ പറയുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ്.സി.ഇ.ആർ.ടി 2019-ൽ തയ്യാറാക്കിയ പാഠഭാഗം സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾ നിർബന്ധമായും പഠിക്കേണ്ടതാണ്. സംസ്ഥാനത്ത് സ്കൂൾ കുട്ടികളെപ്പോലും പിന്നാക്ക സംവരണത്തിനെതിരായി തിരിച്ചുവിടുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും, 'കേരളകൗമുദി" വാർത്തയ്ക്കു പിന്നാലെ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് ഈ പാഠഭാഗം നീക്കം ചെയ്യുമെന്ന് സംസ്ഥാന സർക്കാരിന് പ്രഖ്യാപിക്കേണ്ടിവന്നു!
സവർണ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ കേന്ദ്ര സർക്കാർ ജാതി സെൻസസ് ഒരിക്കലും നടത്തുകയില്ലെന്ന് ജാതി സർവേയിൽ നിന്ന് മാറിനിൽക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകൾക്കും ബോദ്ധ്യമുള്ള കാര്യമാണ്. അതിനു താത്പര്യമില്ലാത്ത സംസ്ഥാന സർക്കാരുകളാണ് കേന്ദ്രത്തെ പഴിചാരി ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. ദേശീയതലത്തിൽ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളതുകൊണ്ട്, സി.പി.എം നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ജാതി സെൻസസിൽ നിന്ന് ഇനി പിന്നാക്കം പോകാനാവില്ല. എന്തായാലും, ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജാതി സർവേയും പിന്നാക്ക സംവരണവും രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്.
(ലേഖകന്റെ ഫോൺ: 98471 32428)