f

മറ്റുള്ളവരുമായി നിങ്ങൾ നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് ക്രിയാത്മകമാകണം

ഒരു ഗുമസ്തൻ വൈകിട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് പുറത്തിറങ്ങി. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അംബരചുംബിയായ രാജകൊട്ടാരം കണ്ടപ്പോൾ അയാൾ ചിന്തിച്ചു; 'താൻ രാജകുടുംബത്തിൽ ജനിക്കാതെ പോയതു കഷ്ടമായി. രാജകുമാരനായി ജനിച്ചിരുന്നെങ്കിൽ ജീവിതം പരമസുഖമായേനെ!" വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക് അയാൾ ഒരിടത്ത് തൊഴിലാളികളുടെ ഉച്ചത്തിലുള്ള സംസാരവും ചുറ്റികകളുടെ താളാത്മകമായ മുഴക്കവും കേട്ടു.

അവിടെ പുതിയൊരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. പണിക്കാരിൽ ഒരാൾ ഗുമസ്തന്റെ കൈയിലെ ഫയലുകൾ കണ്ട് ചിന്തിച്ചു: 'ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞതനുസരിച്ച് നന്നായി പഠിച്ചിരുന്നെങ്കിൽ തനിക്കും ഇയാളെപ്പോലെ ഏതെങ്കിലുമൊരു ഓഫീസിൽ ജോലി ചെയ്യാമായിരുന്നു. ശരീരാദ്ധ്വാനമുള്ള ഒരു പണിയും ചെയ്യേണ്ടതില്ല. ജീവിതം എത്ര സുഖകരമായേനെ!"

അതേസമയം,​ രാജകൊട്ടാരത്തിലെ കൂറ്റൻ ജാലകത്തിനരികിൽ വന്നുനിന്ന് ആ രാജ്യത്തെ രാജാവ് പുറത്തേക്കു നോക്കി. കെട്ടിടം പണിക്കാരെയും കച്ചവടക്കാരെയും സാധനങ്ങൾ വാങ്ങുന്നവരെയും യുവാക്കളെയും കുട്ടികളെയും മുതിർന്നവരെയും ഒക്കെ കണ്ടപ്പോൾ അദ്ദേഹം ചിന്തിച്ചു: 'ഇവരുടെ ജീവിതം എത്ര സന്തോഷപൂർണ്ണമാണ്. ദിവസം മുഴുവൻ എന്തെങ്കിലും കായികാദ്ധ്വാനം ചെയ്യാം. തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിഹരിക്കാം. അതുമല്ലെങ്കിൽ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിയാം. ആരും ശ്രദ്ധിക്കില്ല. രാജ്യഭരണത്തിന്റെ ഭാരങ്ങളൊന്നുമില്ല. ഉല്ലാസകരമായ ജീവിതം!" ഇങ്ങനെ ചിന്തിച്ചപ്പോൾ രാജാവിന് അവരോട് അസൂയ തോന്നി.

മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്ത് അവരുടെ സൗഭാഗ്യങ്ങളെക്കുറിച്ചും നമ്മുടെ പ്രയാസങ്ങളെക്കുറിച്ചും ഓർത്ത് പലപ്പോഴും നമ്മൾ ദുഃഖിക്കാറുണ്ട്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് ആത്മനിന്ദ ചെയ്യുമ്പോൾ നമ്മൾ ദുഃഖത്തിലേക്കും നൈരാശ്യത്തിലേക്കും വഴുതിവീഴുന്നു. അത് നമ്മുടെ ആത്മവിശ്വാസം ചോർത്തിക്കളയുകയും നമ്മുടെ കഴിവുകളെ നഷ്ടമാക്കുകയും ചെയ്യുന്നു. നമ്മൾ ഓരോരുത്തരും എപ്പോഴും മറ്റൊരാളായി മാറാനുള്ള ശ്രമത്തിലാണ്. നമ്മൾ ആരാധിക്കുന്ന സിനിമാതാരങ്ങളെപ്പോലെയോ കളിക്കാരെപ്പോലെയോ ശാസ്ത്രജ്ഞന്മാരെപ്പോലെയോ ഒക്കെ ആകാൻ നമ്മൾ ആഗ്രഹിക്കുന്നു!

സ്ത്രീക്ക് പുരുഷനാകണം. പുരുഷന് സ്ത്രീയാകണം. കുഞ്ഞുങ്ങൾക്ക് മുതിർന്നവരാകാൻ ആഗ്രഹം. വൃദ്ധന്മാരാകട്ടെ,​ യുവാക്കളാകാൻ കൊതിക്കുന്നു. ഇങ്ങനെ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. നമ്മുടെ പക്കൽ എന്തൊക്കെയില്ല എന്നതിനെക്കുറിച്ച് നമ്മൾ വളരെയധികം ബോധവാന്മാരാണ്. എന്നാൽ നമുക്ക് ഇപ്പോൾത്തന്നെയുള്ള സൗഭാഗ്യങ്ങളെക്കുറിച്ച് നമ്മൾ വേണ്ടത്ര ചിന്തിക്കുന്നില്ല. മറ്റുള്ളവരുമായി നമ്മെത്തന്നെ താരതമ്യം ചെയ്യുമ്പോൾ പലപ്പോഴും സമഗ്രമായ കാഴ്ചപ്പാട് നമുക്ക് നഷ്ടമായിപ്പോകുന്നു.

ഏതെങ്കിലുമൊരു പ്രത്യേക കാര്യത്തിന് അമിത പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും നമ്മൾ താരതമ്യം ചെയ്യുന്നത്. നമ്മൾ മികവ് പുലർത്തുന്ന മറ്റനേകം രംഗങ്ങളെക്കുറിച്ച് അപ്പോൾ നമ്മൾ മറന്നുപോകുന്നു. ആത്മനിന്ദയ്ക്ക് അധീനരാവുകയും ചെയ്യുന്നു. സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് ക്രിയാത്മകമായിരിക്കണം. നമുക്കു ചുറ്റുമുള്ള ലോകത്തെ നമ്മൾ നിരീക്ഷിക്കുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വേണം. നമ്മളേക്കാൾ അറിവും കഴിവുമുള്ളവരിൽ നിന്ന് ജീവിതപാഠങ്ങൾ ഉൾക്കൊള്ളാൻ അത്തരം സാഹചര്യങ്ങളെ ഉപയോഗിച്ചാൽ അത് ജീവിതത്തിൽ വലിയ നേട്ടമാകും.