poem
poem

അസ്തമയസൂര്യൻ മറഞ്ഞിട്ട്
നാലു നാഴിക കഴിഞ്ഞു.

ആദ്യമായി കാണുകയാണ്,
മുന്നിൽ ഈ രൂപത്തിൽ
ഒരു സുന്ദരിയെ...

ഒറ്റനോട്ടത്തിൽ വെണ്ണക്കൽ പ്രതിമ;

വീണ്ടും നോക്കിയപ്പോൾ
കറുത്ത മാസ്കിട്ടിരിക്കുന്നു

ആഭരണങ്ങളൊന്നുമില്ല

കാതിൽ കമ്മൽത്തുളകൾ മാത്രം;

മൂക്കുത്തിയും

ഊരിപ്പോയിരിക്കുന്നു!

ചിരിക്കുകയാണോ,​

കരയുകയാണോ?
മാസ്ക് എല്ലാം ഒളിപ്പിക്കുന്നു!

ത്വരയുണർത്തുന്ന കവാടങ്ങളെല്ലാം
നീല ഗൗൺ കൊണ്ട്
മൂടപ്പെട്ടിരിക്കുന്നു...

അത് ഇരുണ്ട മേഘം പോലെ.

ചുണ്ട് പൊട്ടിയിട്ടുണ്ട്!

കൈത്തണ്ടയിൽ വയലറ്റ് മറുക്

ഇരുകവിളിലും നുണക്കുഴി

ചിരി മാഞ്ഞിട്ടില്ല.. !
നീല ഗൗൺ കുടുക്കുകൾ

വീണ്ടും നേരെയാക്കി...

ഇനിയുമുണ്ട് നേരം വെളുക്കാൻ.


ബോധമില്ലാതെയാണ്
ഗൗൺ അഴിച്ചത് -
അപ്പോൾ നിലാവു പോലും
കണ്ണടച്ചു... ആസക്തിയുടെ

സ്നിഗ്ദ്ധത പകർന്ന

ടേബിളിൽത്തന്നെ ഉറങ്ങട്ടെ...

കീറിമുറിക്കാനുള്ള

സുന്ദര ഗാത്രം!