കഷ്ടപ്പാടുകളുടെ വെറും നിലത്തു നിന്ന് ചെന്നൈയിൽ ബിസിനസ് വിജയത്തിന്റെ ആകാശപ്പൊക്കത്തിലേക്ക് സ്വപ്നത്തിന്റെ പടിക്കെട്ടുകൾ ചവിട്ടിക്കയറിയ കഥയാണ് കോട്ടയം പാമ്പാടി സ്വദേശി ടി.കെ. സന്തോഷിന്റേത്
ചെന്നൈ നഗരത്തിന്റെ ആകാശച്ചുവട്ടിൽ, പടുകൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തുമ്പോൾ പാമ്പാടി തെക്കേപ്പറമ്പിൽ ടി.കെ. സന്തോഷിന്റെ മനസിൽ കുട്ടിക്കാലത്തെ ഓർമ്മകൾ പലതവണ മിന്നിമാഞ്ഞു പോയിട്ടുണ്ട്. തടി വെട്ടിയും കോൺക്രീറ്റ് കുഴച്ചും റോഡ് പണിക്കു പോയും അരവയർ നിറയ്ക്കാൻ പെടാപ്പാടു പെട്ടിരുന്ന കെട്ടകാലത്തു നിന്ന് കോടികളുടെ വിറ്റുവരവുള്ള റോയൽ സ്പ്ളെൻഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി ഉടമയിലേയ്ക്കുള്ള വളർച്ചയ്ക്ക് അടിത്തറ പാകിയത് കഷ്ടപ്പാടിന്റെ കരിങ്കൽക്കെട്ടുകളാണ്.
ഒരു കുമ്മായപ്പാളിപോലും ഇളകാതെ സ്വപ്നങ്ങൾ കൂട്ടിവച്ചു. കൂലിപ്പണിക്കാരനായും ടയർക്കമ്പനിയിൽ ടൈപ്പിസ്റ്റായും തുടങ്ങി വ്യവസായി, ചലച്ചിത്ര നിർമാതാവ്, കർഷകൻ എന്നിങ്ങനെ വിജയക്കൂട്ടുകളോരൊന്നും ചേരുംപടി ചേർത്ത അപൂർവ കഥയ്ക്ക് ഉടമയാണ് സന്തോഷ്. ചെറിയൊരു തിരിച്ചടിയിൽ തളർന്നും തകർന്നും പരിതപിച്ചിരിക്കുന്നവർക്ക് സന്തോഷിന്റെ വിജയപാഠം മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനമാണ്.
കോൺക്രീറ്റിൽ
കുഴഞ്ഞ ബാല്യം
ടി.ആർ. കുട്ടപ്പൻ- ലീലാമ്മ ദമ്പതികളുടെ മകൻ സന്തോഷിന്റെ കുട്ടിക്കാല യാത്രയിൽ വിദൂരതയിൽപ്പോലും ചെറുചിരിക്കുള്ള കാഴ്ചയില്ലായിരുന്നു. മുത്തശ്ശിയും അച്ഛനും സഹോദരങ്ങളും ഉൾപ്പെടെ ആറുപേരടങ്ങുന്ന കുടുംബം. കാറ്റിനു പോലും കഷ്ടപ്പാടിന്റെ ചൂര്. പാതിയുണ്ടും വെള്ളം കുടിച്ചും കഴിഞ്ഞ എത്രയോ രാത്രികൾ. വിശന്നൊട്ടിയ വയർ ഞെക്കിയമർത്തി അമ്മച്ചൂട് പറ്റിയുറങ്ങിയ ദിനങ്ങളോർത്താൽ അറിയാതെ കണ്ണുകൾ നിറയും.
അച്ഛനും അമ്മയും കിടപ്പിലായതോടെ പതിമൂന്നാം വയസിൽ കുടുംബത്തെ കുഞ്ഞു ചുമലുകൾക്കൊണ്ട് താങ്ങി. പശുവിനെ വളർത്തി തുടക്കം. മറ്റെല്ലാ കുട്ടികളും സ്കൂൾ വിട്ടുവന്ന് കളിക്കുമ്പോൾ സന്തോഷ് പാടത്തേയ്ക്ക് ഓടും. പുല്ലരിഞ്ഞ് തലയിലേറ്റി വീടെത്തുമ്പോൾ നേരമിരുട്ടും. പത്താം ക്ലാസിലെ അവധിക്കാലത്ത് കൂട്ടുകാർ ഭാവിയെപ്പറ്റി ആലോചിക്കുമ്പോൾ സന്തോഷിന്റെ ചിന്ത അടുപ്പു പുകയാനുള്ള അനുസാരികളെക്കുറിച്ചായിരുന്നു. അങ്ങനെയാണ് കുടുംബ സുഹൃത്തായ ഷാജി മേസ്തിരിക്കൊപ്പം 18 രൂപ ദിവസക്കൂലിക്ക് കോൺക്രീറ്റ് പണിക്കു പോകുന്നത്.
പത്തിൽ സെക്കൻഡ് ക്ലാസോടെ പാസായി. ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് പഠിക്കാനായി ആലോചന. ഈവനിംഗ് കോഴ്സായതിനാൽ പകൽ പണിക്കു പോകാമെന്നതായിരുന്നു മെച്ചം. കിളച്ചും കോൺക്രീറ്റ് കൂട്ടിയും കിണർ കുഴിച്ചും ടാറിംഗ് ജോലിക്കു പോയും.... സന്തോഷ് അക്കാലത്ത് ചെയ്യാത്ത പണികളൊന്നുമില്ല. കൈതക്കാടുകളിൽ പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കൈകൾ മുള്ളുകൊണ്ട് കുത്തിക്കീറി ചോരപൊടിയും.
ചൂടു ചോറ് വാരിക്കഴിക്കാൻ കഴിയാതെ സങ്കടപ്പെടുമ്പോൾ കൈവെള്ളകൾ ചേർത്തുപിടിച്ച് അമ്മ തന്ന ഉമ്മകൾ വൈദ്യശാസ്ത്രത്തിൽ ഇന്നോളം പേരില്ലാത്ത വേദന സംഹാരി കൂടിയായിരുന്നു. ടൈപ്പ് റൈറ്റിംഗ് പഠനം പൂർത്തിയായപ്പോഴാണ് അച്ഛന്റെ സഹോദരൻ വഴി മദ്ധ്യപ്രദേശിൽ ജോലിക്ക് അവസരം ലഭിച്ചത്. പണ്ടേ അകലം പാലിച്ച ഹിന്ദി ഭാഷയുടെ നാട്ടിലെ ജോലിയെക്കുറിച്ച് കേട്ടപ്പോഴേ മനസ് മടിച്ചു. പക്ഷേ, അമ്മയുടെ നിർബന്ധത്തിനു മുന്നിൽ മറ്റൊരിഷ്ടത്തിനും സ്ഥാനമില്ലായിരുന്നു. ഇന്ന് ഹിന്ദിയും ഇഗ്ളീഷും തമിഴുമടക്കമുള്ള ഭാഷകൾ പച്ചവെള്ളം പോലെ ഒഴുകും.
കരിമ്പുകയ്ക്ക്
അപ്പുറം വെട്ടം
പുകതുപ്പുന്ന തീവണ്ടി കുതിച്ചുപായുമ്പോൾ കാറ്റേറ്റ് കരിമ്പുക മാറി, അവിടെ തെളിയുന്നൊരു വെട്ടമുണ്ട്. മദ്ധ്യപ്രദേശിലേക്കുള്ള തീവണ്ടിയാത്രയിൽ ഉടനീളം സന്തോഷിന്റെ മനസിന്റെ വിദൂരതയിൽ അങ്ങനെയൊരു വെട്ടം നിറഞ്ഞിരുന്നു. ഗുഡ് ഇയർ എന്ന അമേരിക്കൻ കമ്പനിയിൽ 40 രൂപ ദിവസ വേതനം. വഴങ്ങില്ലെന്നു കരുതിയ ഹിന്ദി ഒരു വർഷത്തിനുള്ളിൽ വരുതിയിലായി. ഹിന്ദി പത്രങ്ങൾ വാങ്ങി എഴുതാനും വായിക്കാനും പഠിച്ചു. വി. ഉണ്ണിക്കൃഷ്ണനെന്ന പാലക്കാട്ടുകാരൻ ബ്രാഞ്ച് മാനേജരുടെ കനിവിൽ ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി. സന്തോഷിന് അദ്ദേഹം പിതൃതുല്യനും വഴികാട്ടിയും കോർപ്പറേറ്റ് ജോലിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ഗുരുനാഥനുമായി.
നാലു വർഷം അവിടെ താത്കാലികാടിസ്ഥാനത്തിൽ. ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് വിഭാഗങ്ങളിലെ ജോലിക്കു ശേഷം അക്കൗണ്ട്സ് ഓഫീസറായി സ്ഥാനക്കയറ്റം. ഇതിനോടകം എക്കണോമിക്സിൽ ബിരുദവും പൂർത്തിയാക്കി. 2001ലെ സാമ്പത്തിക പ്രതിസന്ധിയിൽ കമ്പനിയുടെ പല ഓഫീസുകളും പൂട്ടിത്തുടങ്ങി. ജീവനക്കാരെ പിരിച്ചുവിട്ടു. ചങ്കിൽ തീവച്ചു നടന്ന നാളുകൾ. ആകെയുണ്ടായിരുന്ന 240- ൽ പരം സ്ഥിരം ജോലിക്കാരിൽ നിന്ന് കമ്പനി നിലനിറുത്താൻ തീരുമാനിച്ച എട്ടുപേരിൽ സന്തോഷും ഉൾപ്പെട്ടു.
2002-ൽ പ്രൊമോഷനോടെ ചെന്നൈയിലേക്ക്. ചെന്നൈ റീജിയണൽ ഓഫീസിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറും അവിടെ നിന്ന് റീജിയണൽ ഹെഡും. കൈ നിറയെ പണം. പക്ഷേ, നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് അതിനേക്കാൾ ഭംഗിയുണ്ടായിരുന്നതിനാൽ ബിസിനസ് എന്ന ലക്ഷ്യം മനംനിറച്ചു. 2005 ൽ ചെന്നൈയിലെ പ്രശസ്തമായ കറുപ്പുസ്വാമി ബിൽഡേഴ്സിൽ പങ്കാളിയായി. കറുപ്പുസ്വാമി ബിൽഡേഴ്സിൽ അതിരാവിലെ എത്തും. ശേഷം ഗുഡ് ഇയറിൽ ജോലി. ബിസിനസും ജോലിയും സമാന്തരമായി കൊണ്ടുപോയ നാളുകൾ. സ്വന്തംകാലിൽ നിൽക്കാറായപ്പോൾ എന്നെന്നേയ്ക്കുമായി ഗുഡ് ഇയറിനോട് ഗുഡ് ബൈ പറഞ്ഞു. റോയൽ സ്പ്ളെൻഡേഴ്സ് ഡെവലപ്പേഴ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു.
ചേർത്തുപിടിച്ച
ചെന്നൈ
ജീവിതത്തിൽ ചെന്നൈ നഗരത്തോടുള്ള കടപ്പാട് സന്തോഷിന് മറക്കാനാവില്ല. സുഖത്തിലും ദുഃഖത്തിലും ചെന്നൈയുടെ സ്നേഹം സന്തോഷിന് തണലായും കുടയായും മരമായും ചുറ്റും നിറഞ്ഞിരുന്നു. '' കിടമത്സരം ഏറെയുള്ള റിയൽ എസ്റ്റേറ്റ് മേഖല. എന്നെ ജീവൻകൊടുത്തും സംരക്ഷിച്ചവരാണ് ചെന്നൈയിലുള്ളവർ. മലയാളികളെ അംഗീകരിക്കുന്ന സ്വഭാവക്കാരാണ് അവർ. അതിഥികളെ അംഗീകരിക്കുന്ന സംസ്കാരമാണ് ചെന്നൈയുടേത്. വേർതിരിവുകളില്ലാതെ സ്വീകരിച്ചു. ബിസിനസ് ചെയ്യാൻ പറ്റിയ നഗരം.""- സന്തോഷ് പറയുന്നു.
റോയൽ സ്പ്ളെൻഡേഴ്സ് 3000 അപ്പാർട്ട്മെന്റും വില്ലകളും നിർമ്മിച്ചു. ലാഭം മാസം ഒരുകോടിയിലേക്ക് ഉയർന്നു. 2500 കോടിയുടെ പ്രോജക്ട് അഞ്ചു വർഷം കൊണ്ട് പ്ലാൻ ചെയ്തു. കേരളത്തിൽ ചങ്ങനാശേരിയിലും കൊരട്ടിയിലും പ്രോജക്ട് ആലോചനയുണ്ടായിരുന്നു. ഇന്ന് കൺസ്ട്രക്ഷൻ മേഖലയിൽ ചെന്നൈയിലെ മുടിചൂടാ മന്നനാണ് സന്തോഷ്. കാവ്യാ മാധവനും വിജയ് ബാബുവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ആകാശവാണിയെന്ന ചിത്രവും വിവിധ സീരിയലകളും സന്തോഷ് നിർമ്മിച്ചിട്ടുണ്ട്.
സംഘടനകളുടെ
തലപ്പത്തും
ഗുരുദേവ ഭക്തനായ സന്തോഷ് മദ്ധ്യപ്രദേശിലെ ജീവിത കാലത്താണ് ശ്രീനാരായണ സമാജം സ്ഥാപിച്ചത്. ചെന്നൈയിൽ വന്നതിനു ശേഷം ആവടി എസ്.എൻ.ഡി.പിയുടെ ചെയർമാൻ, വെസ്റ്റ് ചെന്നൈ മലയാളി അസോസിയേഷൻ പ്രവാഹം ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് തമിഴ് ഘടകം ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.
സന്തോഷിന്റെ ജീവിതം പലർക്കും പകർത്താമെന്ന് കാലം സാക്ഷ്യപ്പെടുത്തി. തിരുവണ്ണാമലൈ അരുണ എൻജിനിയറിംഗ് കോളേജിൽ കോൺവെക്കേഷനിൽ അരമണിക്കൂർ സംസാരിക്കാനുള്ള അവസരം സന്തോഷിന് ലഭിച്ചു. എൽ ആൻഡ് ടി വൈസ് പ്രസിഡന്റ് ഭട്നാഗർ, കൊർമോണ്ടൽ എൻജിനിയറിംഗ് കമ്പനിയുടെ പ്രതിനിധി ത്യാഗരാജൻ എന്നിവരുമുണ്ടായിരുന്നു ഒപ്പം. മൂവരുടെയും അവതരണത്തിനു ശേഷം ത്യാഗരാജൻ വിദ്യാർത്ഥികളോടായി പറഞ്ഞു, നിങ്ങൾക്ക് മാതൃകയാക്കാവുന്ന ജീവിതമാണ് സന്തോഷിന്റേതെന്ന്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവാർഡായി സന്തോഷ് ഇന്നും ആ വാക്കുകളെ കാണുന്നു.
പിൻബലമായി
കുടുംബം
പാമ്പാടി കോത്തല എസ്.എൻ.പുരം സ്വദേശിനി മിനിയാണ് ഭാര്യ. ഇരട്ടക്കുട്ടികളിൽ മൂത്ത മകൾ അക്ഷയ (ചെന്നൈയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ എം.എ വിദ്യാർത്ഥി). ഇളയ മകൾ അനഘ (ജർമനിയിൽ എം.എസ്സി ഇക്കണോമിക്സ് വിദ്യാർത്ഥി)
കൃഷിയോട്
ഇഷ്ടം
കൃഷിക്കാരനായിരുന്നു സന്തോഷിന്റെ അച്ഛൻ. അന്നേ സന്തോഷിന് കൃഷിയോടുള്ള ഇഷ്ടം മനസിൽ മുളച്ചിരുന്നു. കർണാടകത്തിൽ സ്വന്തമായി സ്ഥലമുള്ള സന്തോഷ്, കൃഷിസ്ഥലം പാട്ടത്തിനെടുത്തും റബറും കവുങ്ങും ഉൾപ്പെടെ കൃഷി ചെയ്യുന്നു. സന്തോഷിനെ ബിസിനസുകാരനാക്കിയതും അച്ഛന്റെ സാമീപ്യമാണ്. ജോലിക്കാരനായപ്പോൾ ചിട്ടി കൂടിയും മറ്റും കിട്ടുന്ന പണം നാട്ടിലേയ്ക്ക് അയക്കുമ്പോൾ അത് ചെലവാക്കാതെ ഇരട്ടിയാക്കാനുള്ള മാർഗം അച്ഛൻ കണ്ടിരിക്കും!
സ്വന്തം പണത്തിന് ബിസിനസ് ചെയ്യുന്നതല്ല ബിസിനസിന്റെ ബാലപാഠം.
'അദർ പേഴ്സൺസ് മണി' എന്നതാണ് മൂലവാക്യം. സന്തോഷ് ആദ്യമായി ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ ഭൂമി വാങ്ങാനുള്ള 25,000 രൂപ സഹോദരനിൽ നിന്നാണ് വാങ്ങിയത്. ഒപ്പം മറ്റ് നിക്ഷേപകരെ കണ്ടെത്തുകയും ചെയ്തു.''- പണമില്ലാത്തതിന്റെ പേരിൽ ബിസിനസിലേയ്ക്ക് ഇറങ്ങാൻ മടിക്കേണ്ടതില്ല. ഏത് ബിസിനസായാലും നന്നായി പഠിക്കണം. ആത്മാർപ്പണവും കൃത്യമായ പ്ളാനിംഗുമുണ്ടാവണം. നമ്മുടെ പ്ളാനിംഗ് കൃത്യമാണെങ്കിൽ മറ്റുള്ളവരുടെ ഇൻവെസ്റ്റ്മെന്റിൽ ബിസിനസ് ആരംഭിക്കാം'' സന്തോഷ് പറയുന്നു.