f

വിശ്വസുന്ദരി കിരീടത്തിന് ഒരുങ്ങുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് അറുപതുകാരി അലക്സാൻഡ്ര മരീസ. മിസ് ബ്യൂണസ് ഐറിസ് ആയ മരീസയ്ക്കു മുന്നിൽ ഇനി മിസ് അർജന്റീന മത്സരത്തിന്റെ കടമ്പ കൂടിയുണ്ട്

കണ്ടാൽ മുപ്പത്. പ്രായം അറുപത്! പ്രായമെന്നത് വെറുമൊരു അക്കമാണ് (ഏജ് ഈസ് ജസ്റ്റ് എ നമ്പർ)​ എന്ന് പറയുംപോലെ, യുവത്വം നിറഞ്ഞു തുളുമ്പുന്ന വിശ്വസുന്ദരി മത്സരവേദയിൽ ഒരു അറുപതുകാരി തകർക്കാൻ പോകുന്നുവെന്ന് പറ‌ഞ്ഞാൽ പലർക്കും ആദ്യം അദ്ഭുതമായിരിക്കും. പക്ഷേ,​ അങ്ങനെയൊന്ന് സംഭവിക്കാനിരിക്കുന്നുണ്ട്. മിസ് ബ്യൂണസ് ഐറിസ് ആയി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട അലക്സാൻഡ്ര മരീസ റോഡ്രിഗ്സ് ഈ 25 നു നടക്കുന്ന മിസ് അർജന്റീന സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കും. ആ കടമ്പ കൂടി പിന്നിട്ടാൽ സെപ്തംബറിൽ മെക്സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ അ‌ർജന്റീനയുടെ ഔദ്യോഗിക മത്സരാർത്ഥിയാകും,​ മരീസ. വിശ്വസുന്ദരി മത്സരവേദിയിലെ ഏറ്റവും പ്രായം കൂടിയ വനിത!

സൗന്ദര്യ മത്സര വേദികളിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കാനാകുന്നതിൽ താൻ സന്തുഷ്ടയണെന്ന് അഭിഭാഷകയും മാദ്ധ്യമ പ്രവർത്തകയുമായ മരീസ പറയുന്നു. 'സൗന്ദര്യ മത്സരങ്ങളിൽ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും പ്രധാന പങ്കുവഹിക്കുന്നു. അത്തരം മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഞങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്ന ആദ്യ വ്യക്തിയെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്"- മത്സരശേഷം മരീസ പറഞ്ഞു. കൂടാതെ,​ മുതിർന്ന തലമുറയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിനായുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികർത്താക്കൾ മനസിലാക്കിയതായി കരുതുന്നുവെന്നും അവർ പറഞ്ഞു.

തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും അലക്സാ‌ൻഡ്ര മരീസ വെളിപ്പെടുത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ഉയർന്ന നിലവാരമുള്ള സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ- ഇവയാണ് അറുപതാം വയസിലും മരീസയുടെ ബ്യൂട്ടി സീക്രട്ട്! വിവാഹമോചിതയായ അലക്സാൻഡ്രയ്ക്ക് ലോകമെമ്പാടും പ്രായഭേദമില്ലാതെ ആരാധകരുണ്ട്.

വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കാൻ ഇപ്പോൾ പ്രായം പ്രശ്നമേയല്ല. കഴിഞ്ഞ സെപ്തംബറിലാണ്,​ മത്സരാർത്ഥികൾക്ക് അതുവരെ ഉണ്ടായിരുന്ന ഉയർന്ന പ്രായപരിധി നീക്കിക്കൊണ്ടുള്ള ചരിത്ര പ്രഖ്യാപനമുണ്ടായത്. 28 വയസായിരുന്നു ഇതുവരെ മിസ് യൂണിവേഴ്സ് മത്സരാർത്ഥിൾക്കുള്ള ഉയർന്ന പ്രായപരിധി. കുറഞ്ഞത് പതിനെട്ട് വയസു വേണം- അത്രയേയുള്ളൂ പുതിയ നിബന്ധന. വിവാഹിതരെയും അമ്മമാരെയും കൂടി മത്സരിക്കാൻ അനുവദിച്ചുകൊണ്ടുള്ള മാറ്റം വിശ്വസുന്ദരി മത്സരത്തിന് നേരത്തേ നടപ്പാക്കിയിരുന്നു.