കോട്ടയം: കൊടുംവേനലിൽ കടൽ ചൂടുപിടിച്ചതോടെ മത്സ്യങ്ങൾ കേരളതീരത്ത് നിന്ന് കൂട്ടപാലായനം നടത്തുന്നത്. ഇതിനെതുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ മീനിന് വിലയും കുതിച്ചുയർന്നു. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികൾക്ക് ചെലവ് കാശിനുള്ള മീൻപോലും ലഭിക്കുന്നില്ല. തീരങ്ങളിൽ വല വീശുന്നവർക്കും ചെറുവള്ളങ്ങൾക്കും കാര്യമായൊന്നും കിട്ടാതെ വന്നതോടെ കടൽതീരത്ത് വറുതിയായി.
മത്തിവില കിലോയ്ക്ക് 260 രൂപയായി കുതിച്ചുയർന്നു. നാടൻ മത്തി കിട്ടാനില്ല. മുള്ളുള്ള മംഗലാപുരം മത്തിയാണ് വിപണിയിൽ കൂടുതൽ. അയില വിലയും 300 കടന്നു. ഇപ്പോൾ കണ്ണി അയിലയാണ് കൂടുതലായി ലഭിക്കുന്നത്. കൊഴുവയ്ക്ക് പോലും വില 200 രൂപയ്ക്ക് മുകളിലെത്തി. കേര, ചൂര തുടങ്ങിയ വലിയ ഡിമാൻഡില്ലാത്ത മീനുകളാണ് കൂടുതലായി ഇപ്പോൾ ലഭിക്കുന്നത്. കേര കിലോയ്ക്ക് വില 440 രൂപയിലെത്തി. 240 രൂപയാണ് ചൂര വില. ഡിമാൻഡ് കൂടുതലുള്ള നെയ്മീൻ, വറ്റ, മോത, കാളാഞ്ചി തുടങ്ങിയവയുടെ വരവ് കുറഞ്ഞു. നെയ്മീൻ വില 1000 കടന്നു. വറ്റ, മോത, കാളാഞ്ചി ഇനങ്ങൾ വലിപ്പമനുസരിച്ച് 800 രൂപയ്ക്ക് മുകളിലാണ്. ചെമ്മീൻ വിലയും 400 കടന്നു.
കായൽ മത്സ്യങ്ങൾക്ക് തീവില
ചൂട് കൂടിയതോടെ കായൽമത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് ഇനിയും പൂർണമായി തുറന്നിട്ടില്ല. ഷട്ടറുകൾ തുറന്ന ഭാഗത്ത് കുത്തൊഴുക്കാണ്. കീറുമെന്നതിനാൽ വലവീശാൻ കഴിയുന്നില്ല. വേലിയേറ്റം വേലിയിറക്കപ്രക്രിയയും തടസപ്പെട്ടതോടെ കടലിൽ നിന്ന് മത്സ്യങ്ങൾക്ക് കായലിൽ എത്താൻ ആവുന്നില്ല. ചെമ്മീൻ, കൊഞ്ച് തുടങ്ങിയവയുടെ ലഭ്യതയും കുറഞ്ഞു.
സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന മത്തി,അയില എന്നിവയുടെ ലഭ്യതയാണ് വൻതോതിൽ കുറഞ്ഞത്.
കരീമീൻ@ 500
കായലിൽ പോളയും പായലും ഒഴുകി മാറാത്തത് കരിമീൻ പിടുത്തത്തെയും ബാധിച്ചു. 300-400 രൂപയ്ക്ക് കിട്ടിയിരുന്ന വലിപ്പമുള്ള കരിമീന്റെ വില കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലായി. കായൽ മുരശിന്റെ വില 400ലെത്തി.