ന്യൂഡൽഹി: ഇമെയിൽ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെയും നോയിഡയിലെയും നിരവധി സ്‌കൂളുകൾ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്റെ സഹായത്താൽ പൊലീസ് സ്‌കൂളുകളിൽ പരിശോധന നടത്തുകയാണ്. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചയോടെ ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇതിന് ശേഷം അമ്പതോളം സ്‌കൂളികളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇമെയിൽ സന്ദേശങ്ങൾ എത്തുകയും ചെയ്തു.
ഭീഷണിയെ തുടർന്ന് ചില സ്‌കൂളികളിൽ നടത്താനിരുന്ന പരീക്ഷകൾ നിർത്തിവച്ചിട്ടുണ്ട്. കുട്ടികളെ ഒഴിപ്പിച്ച് പൊലീസ് പരിശോധന തുടരുകയാണ്. ഇതുവരെ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഭീഷണി സന്ദേശം അയച്ച ഇമെയിലിന്റെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ആരാണ് ഇമെയിൽ അയച്ചതെന്നും എവിടെ നിന്നാണ് അയച്ചതെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.
മദർ മേരി സ്‌കൂളിൽ നടത്താനിരുന്ന പരീക്ഷയാണ് പരിശോധനയ്ക്ക് പിന്നാലെ നിർത്തിവച്ചത്. സ്‌കൂൾ പരിസരത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാവരോടും ഉടൻ തന്നെ പരിസരം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. 'വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന ഒരു ഇമെയിൽ സന്ദേശം സ്‌കൂളിന് ലഭിച്ചതായി നിങ്ങളെ അറിയിക്കാനാണ് ഇത്. മുൻകരുതൽ നടപടിയെന്ന നിലയിൽ വിദ്യാർത്ഥികളെ ഉടൻ വീട്ടിലേക്ക് തിരിച്ചയക്കുകയാണ്'- ഡിസിപി രക്ഷിതാക്കൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
കുട്ടികളെ രക്ഷിതാക്കൾ എത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെ സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഒരു സ്‌കൂളിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.
'ഇന്ന് രാവിലെ ചില സ്‌കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയുണ്ടായി. പിന്നാലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ആ സ്ഥലങ്ങളിൽ ഡൽഹി പൊലീസ് തിരച്ചിൽ നടത്തുകയും ചെയ്യുകയാണ്. ഇതുവരെ ഒരു സ്‌കൂളിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ പൊലീസുമായും സ്‌കൂളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷിതാക്കളോടും പൗരന്മാരോടും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നു'- മന്ത്രി എക്സിൽ കുറിച്ചു.