sanju

തിരുവനന്തപുരം: മലയാളിയായ സഞ്ജുസാംസൺ ട്വന്റി - 20 ലോകകപ്പ് ടീമിലെത്തിയത് തന്റെ ഇടപെടലുകൊണ്ടെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് രംഗത്തെത്തി. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണങ്ങൾ തുടങ്ങിയതോടെ നേതാവ് പോസ്റ്റ് മുക്കി. പോസ്റ്റ് പിൻവലിക്കാൻ ബിജെപി നേതൃത്വവും ഇടപെടൽ നടത്തിയെന്നാണ് റിപ്പോർട്ട്.

ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ താന്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സുഭാഷിനുമുന്നിൽ ഉന്നയിച്ചിരുന്നു. അതിന് ശേഷം സുഭാഷ് ഇടപെടല്‍ നടത്തിയാണ് സഞ്ജു ടീമിലെത്തുന്നത്. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായുമൊക്കെ നേരിട്ട് ഇടപെടാന്‍ തക്കവണ്ണമുള്ള ബന്ധത്തിനുടമയാണ് സുഭാഷെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു. പാേസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ അപകടം മണത്താണ് പോസ്റ്റ് മുക്കിയത്.

sanju

ഇന്നലെയാണ് ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള സഞ്ജു ഉൾപ്പെടുന്ന 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയാണ് നായകൻ. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്ടൻ. വിരാട് കൊഹ്‌ലി,റിഷഭ് പന്ത്, ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ തുടങ്ങിയ പരിചയസമ്പന്നർ ടീമിലെത്തിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ രാഹുലിനെ ഉൾപ്പെടുത്തിയില്ല. ശുഭ്മാൻ ഗിൽ,റിങ്കു സിംഗ് എന്നിവർക്ക് റിസർവ് ബഞ്ചിലാണ് അവസരം ലഭിച്ചത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായ സഞ്ജു ഈ സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് അർദ്ധസെഞ്ച്വറികളടക്കം 385 റൺസ് നേടിക്കഴിഞ്ഞു. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയെങ്കിലും സഞ്ജുവിന് 25 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു ഐ.സി.സി. ടൂർണമെന്റിനുള്ള ടീമിലെത്തുന്നത്.

ഇന്ത്യൻ ടീം : രോഹിത് ശർമ്മ ( ക്യാപ്ടൻ) ,യശ്വസി ജയ്സ്വാൾ, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസർവ് താരങ്ങൾ : ശുഭ്മാൻ ഗിൽ,റിങ്കു സിംഗ്,ഖലീൽ അഹമ്മദ്,ആവേശ് ഖാൻ.