ഇടമറ്റം: 2023-24 സാമ്പത്തിക വര്‍ഷം വികസന ഫണ്ട് നൂറു ശതമാനവും ചെലവഴിച്ച് മീനച്ചില്‍ ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തുകളാണ് നൂറു ശതമാനം വികസന ഫണ്ട് ചെലവഴിച്ചത്. ഉല്പാദന, സേവന, പശ്ചാത്തല മേഖലകളിലായി ജനകീയ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അതിദരിദ്രരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്.
ഉല്പാദന മേഖലയില്‍ മുട്ടക്കോഴി വിതരണം, കാലിത്തീറ്റ സബ്‌സിഡി, ധാതുലവണ മിശ്രിതവും വിരമരുന്നും നല്‍കല്‍, വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ്, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, ജൈവകൃഷി പ്രോത്സാഹനം, കിഴങ്ങ് വര്‍ഗങ്ങളുടെ വിതരണം, ഗ്രോചട്ടി വിതരണം, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡി, തേനീച്ച വളര്‍ത്തല്‍, കവുങ്ങ് തൈ വിതരണം, ഭിന്നശേഷിയുള്ളവര്‍ക്ക് പെട്ടിക്കട,സേവന മേഖലയില്‍ ലൈഫ് ഭവന പദ്ധതി, ഗവ.സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കല്‍, അനുപൂരക പോഷകാഹാര വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം, ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം, വീട് മെയിന്റനന്‍സ്, പാലിയേറ്റിവ് പരിചരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ലാപ്‌ടോപ്പ് വിതരണം, സ്‌കോളര്‍ഷിപ്പ്, പഠനമുറി തുടങ്ങിയ പദ്ധതികളും മെയിന്റനന്‍സ് ഫണ്ടുപയോഗിച്ച് വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും കേന്ദ്ര ധനകാര്യ ഫണ്ട് ചെലവഴിച്ച് തെരുവ് വിളക്കുകളുടെ നവീകരണം, മിനിമാസ്റ്റ് ലൈറ്റുകള്‍, റോഡ് നിര്‍മ്മാണം, നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായവും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും തനതു ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഗ്രാമവണ്ടി ഉള്‍പ്പെടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിച്ചാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രണ്ട് കോടി അമ്പത്തി അയ്യായിരം രൂപ ചെലവഴിച്ച് പദ്ധതി നിര്‍വ്വഹണത്തില്‍ ളാലം ബ്ലോക്കില്‍ മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. 41764 മനുഷ്യ പ്രയത്‌ന ദിനങ്ങളും 306 പേര്‍ക്ക് 100 ദിനം തൊഴില്‍ നല്‍കിയും മെറ്റീരിയല്‍ കമ്പോണന്റിനത്തില്‍ 54.77 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളും കോഴിക്കൂട്, ആട്ടിന്‍കൂട്, കാലിത്തൊഴുത്ത്, തീറ്റപ്പുല്‍ കൃഷി, കിണര്‍ നിര്‍മ്മാണം, റോഡ് കോണ്‍ക്രീറ്റിംഗ് വര്‍ക്കുകള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയുമാണ് തൊഴിലുറപ്പില്‍ നൂറ് ശതമാനം നേടിയത്. ഭരണസമിതിയുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു. നികുതി സമാഹരണത്തിലും മീനച്ചില്‍ ഗ്രാമപഞ്ചായത്ത് നൂറുമേനി നേട്ടം കൈവരിച്ചിരുന്നു.