kb-ganesh-kumar

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെടുമ്പോൾ ഡ്രൈവർ യദു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി മന്ത്രി കെബി ഗണേശ് കുമാർ. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിനാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആരാണ് മാറ്റിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മെമ്മറി കാർഡ് ആരോ മാറ്റിയതാകാമെന്നാണ് ഡ്രൈവർ യദു പറയുന്നത്. താൻ ബസ് ഓടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നെന്നും ദൃശ്യങ്ങൾ പുറത്തുവരണമെന്നും യദു പറഞ്ഞു. തൃശൂരിൽ നിന്ന് വണ്ടി പുറപ്പെട്ടത് മുതൽ ക്യാമറ പ്രവർത്തിച്ചിരുന്നു. പാർട്ടിക്കാർ ആരോ കാർഡ് മാറ്റിയതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യദു പറഞ്ഞു.

മെമ്മറി കാർഡ് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസും അറിയിച്ചു. ബസിൽ പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് പരിശോധന നടത്തും. പാളയം സാഫല്യം കോംപ്ലക്സിന് സമീപം മേയറുടെ കാർ കുറുകെയിട്ട് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് ക്യാമറകളാണ് ബസിലുള്ളത്.