ഒട്ടാവ: വിദേശ വിദ്യാർത്ഥികൾ ജോലിചെയ്യുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കാനഡ. ആഴ്ചയിൽ 24 മണിക്കൂർ മാത്രം ജോലിചെയ്താൽ മതിയെന്നാണ് പുതിയ നിർദ്ദേശം. ഉടൻതന്നെ ഇത് നടപ്പാക്കുമെന്നും വിദേശവിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ജോലിചെയ്യാനാവുന്ന പഴയ ചട്ടം ഒരുകാരണവശാലും പുതുക്കില്ലെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയിട്ടുണ്ട്.
പഴയചട്ടമനുസരിച്ച് വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലിചെയ്യാൻ അനുവാദമുണ്ടായിരുന്നു. പുതിയ നിർദ്ദേശം നടപ്പിലാക്കുന്നത് കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വൻ പണച്ചെലവാകും ഉണ്ടാവുക. ജോലിചെയ്യുന്നതിലൂടെ ലഭിച്ചിരുന്ന തൊഴിൽ പരിചയത്തിനുള്ള അവസരവും ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഇല്ലാതാകും.
ഇപ്പോഴത്തെ ലക്ഷ്യം പഠനം മാത്രമാകണമെന്നും ജോലിക്കാര്യം പിന്നീടാണെന്നുമാണ് അധികൃതർ പറയുന്നത്. കാനഡയിലേക്ക് വരുന്ന വിദ്യാർത്ഥികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് പഠിക്കാൻ ആയിരിക്കണം. ജോലിയല്ല പ്രധാനമെന്നും ഇമിഗ്രേഷൻ മന്ത്രി പറഞ്ഞു. കൂടുതൽ സമയം ജോലിചെയ്യുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിക്കും എന്ന് കണ്ടതിനാലാണ് നിയന്ത്രണം നടപ്പാക്കിയത്. കാനഡയിൽ ജോലിചെയ്യുക എന്ന ലക്ഷ്യത്തോടെ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാവുമെന്നും അങ്ങനെ അർഹതപ്പെട്ടവർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
പുതിയ നിയന്ത്രണത്തിനൊപ്പം വിദേശവിദ്യാർത്ഥികൾക്കുള്ള ചട്ടങ്ങളിൽ മറ്റ് മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. സർക്കാരിൽ നിന്ന് പഠനാനുമതി ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രവിശ്യയിൽ നിന്നുള്ള പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ നേടിയിരിക്കണം എന്നതാണ് പ്രധാന മാറ്റം.