kerala

തിരുവനന്തപുരം: കടുത്ത വേനലില്‍ മലയാളികളുടെ പല ശീലങ്ങളും മാറി. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും മാറാത്തതാണ് മലയാളിയുടെ 'കുടി' ശീലമെന്ന് ഒരിക്കല്‍ക്കൂടി തെളിയക്കപ്പെടുകയാണ് വേനല്‍ക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകളില്‍ നിന്ന്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 132 കോടി രൂപയുടെ അധിക വില്‍പ്പനയാണ് കേരളത്തില്‍ നടന്നത്.

വേനലില്‍ കൂളാകാന്‍ ഹോട്ടാണ് നല്ലതെന്ന് മദ്യപിക്കുന്നവര്‍ തീരുമാനിച്ചപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. ചൂടുകാലത്ത് മദ്യവില്‍പ്പന കുറയുമെന്ന് കരുതിയിടത്ത് ഇത്തരമൊരു കുതിച്ച് ചാട്ടം ബിവറേജസ് കോര്‍പ്പറേഷനും പ്രതീക്ഷിച്ചിരുന്നില്ല. അധികവരുമാനം കിട്ടിയതോടെ സര്‍ക്കാരും ഡബിള്‍ ഹാപ്പി.

2023ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 53 കോടിയുടെ അധിക വരുമാനം ലഭിച്ചു. എന്നാല്‍ ഏപ്രില്‍ ആയപ്പോള്‍ ചൂട് കൂടി ഒപ്പം കുടിയും കൂടി. 2023 ഏപ്രിലിനേക്കാള്‍ 79 കോടിയാണ് അധികമായി കിട്ടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 1384 കോടി രൂപയുടെ മദ്യം വിറ്റത് ഇത്തവണ 1453 കോടിയായി ഉയര്‍ന്നു.

2023 ഏപ്രിലില്‍ ആകെ വില്‍പ്പന 1387 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 1467 കോടിയായി ഉയര്‍ന്നു. അതേസമയം, മദ്യത്തോട് താത്പര്യം കൂടിയപ്പോള്‍ മലയാളിക്ക് ബിയറിനോടുള്ള താത്പര്യം കുത്തനെ കുറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 കോടി രൂപയുടെ കുറവാണ് മാര്‍ച്ച് മാസത്തെ ബിയര്‍ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചിലെ 170 കോടിയില്‍ നിന്ന് 2024 മാര്‍ച്ചില്‍ 155 കോടിയായി കുറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും ഈ ഏപ്രിലിലും ബിയര്‍ വരുമാനം ഒരു പോലെ . 165 കോടി രൂപയുടെ ബിയറാണ് ഏപ്രിലില്‍ വിറ്റത്.