കൃഷിയെന്നുകേൾക്കുമ്പോൾ നെല്ലും റബറും വാഴയുമൊക്കെയാണ് ഭൂരിപക്ഷത്തിന്റെയും മനസിൽ എത്തുന്നത്. എന്നാൽ ഇതല്ലാതെ മികച്ച വരുമാനം ലഭിക്കാൻ സഹായിക്കുന്ന നിരവധി കൃഷികളുണ്ട്. അതിലൊന്നാണ് കൃഷ്ണതുളസി കൃഷി. ആയുർവേദ മരുന്നുകളും ക്ഷേത്രങ്ങളും ഉള്ളിടത്തോളം കാലം കൃഷ്ണതുളസിക്ക് ആവശ്യക്കാർ ഒട്ടും കുറയില്ല. ഇപ്പോൾ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൃഷ്ണതുളസി ഇറക്കുമതി ചെയ്യുന്നത്. ഇതര സംസ്ഥാനക്കാർ കൊണ്ടുപോകുന്ന പണം ഒട്ടും ബുദ്ധിമുട്ടാതെ നമുടെ പോക്കറ്റിലെത്തിക്കാനാവും.
ഒരുവിധ പരിചരണവും കൂടാതെ എവിടെയും വളരുന്ന ഒന്നാണ് കൃഷ്ണതുളസി. കിലോയ്ക്ക് ഇരുനൂറുരൂപയ്ക്കടുത്ത് വിലയും കിട്ടും. വരൾച്ചയെ അതിജീവിക്കാൻ കഴിയും എന്നതാണ് കൃഷ്ണതുളസിയുടെ ഏറ്റവും വലിയ പ്രത്യേകത. 37 ഔഷധഗുണങ്ങൾ അടങ്ങിയതാണ് തുളസി.മരുന്നുകൾക്ക് ഇത് സമൂലമായും ഇലകൾ മാത്രമായും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ക്ഷേത്രാവശ്യങ്ങൾക്കും വലിയ തോതിൽ തുളസി ആവശ്യമായതിനാൽ കൃഷ്ണതുളസിയെ കൂടാതെ രാമതുളസി കൃഷിചെയ്തും വരുമാനം ഉണ്ടാക്കാം.
ഒന്നും വളരില്ലെന്ന് വിധിയെഴുതി ഉപേക്ഷിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിലും തരിശിട്ടിരിക്കുന്ന വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിലും തുളസി കൃഷിചെയ്യാം. സ്ഥലം കിളച്ചൊരുക്കി കട്ടയും കല്ലും ചവറും നീക്കംചെയ്തശേഷം അടിവളമായി ചാണകപ്പൊടിപോലുള്ള ജൈവ വളങ്ങൾ ചേർക്കാം. ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞശേഷം തൈകൾ നടാം. അടിവളം ചേർക്കുന്നതുകൊണ്ട് നല്ല കരുത്തോടെ തൈകൾ വളരും. പൂവിട്ടുതുടങ്ങുന്ന ഘട്ടമെത്തുമ്പോൾ ഇലകൾ മുറിച്ചെടുക്കാം. ഇത് പ്രൂണിംഗിന് സമമായതിനാൽ മുറിച്ചെടുക്കുന്ന സ്ഥലത്തുനിന്ന് നിരവധി ശിഖരങ്ങൾ പൊട്ടിമുളയ്ക്കുകയും കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ ഇലകൾ ശേഖരിക്കാൻ കഴിയുകയും ചെയ്യും. ഇലകൾ മുറിച്ചെടുത്തശേഷം ജൈവവളം ചെടികൾക്ക് നൽകിയാൽ മികച്ച ഫലം ഉറപ്പ്. വേനൽക്കാലത്ത് നനയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ നന്ന്.
തൈകൾ വീട്ടുവളപ്പിലെ തുളസിച്ചെടികളിൽ നിന്ന് വിത്തുശേഖരിച്ച് നമുക്കുതന്നെ നേരിട്ട് ഉണ്ടാക്കാം. അതിനാൽ ആ നിലയിലുള്ള ചെലവും ഉണ്ടാവുന്നില്ല. ഇനി അതിന് കഴിയില്ലെങ്കിൽ നഴ്‌സറികളിൽ നിന്ന് വാങ്ങുകയും ആവാം. കേരളത്തിൽ തുളസി കൃഷി അത്ര വ്യാപകമല്ലാത്തതിനാൽ അപൂർവം ചില നഴ്സറികളിൽ മാത്രമേ തുളസിച്ചെടികൾ വിൽപ്പനയ്ക്ക് വച്ചിട്ടുള്ളൂ.
കൃഷി തുടങ്ങുന്നതിനുമുമ്പ് ഔഷധനിർമ്മാണ കമ്പനികളുമായും ക്ഷേത്രഭാരവാഹികളുമായുമൊക്കെ ബന്ധപ്പെടുന്നത് നന്നായിരിക്കും. അവർ ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമുള്ളത്രയും ഇലകൾ നൽകുമെന്ന് ഉറപ്പുകൊടുക്കണം. അങ്ങനെയെങ്കിൽ മാത്രമേ നിങ്ങളുമായുള്ള ഇടപാടിന് അവർ തയ്യാറാവൂ. ഗുണമേന്മയും ഉറപ്പാക്കണം.
തുളസികൾ നാല്
രാമതുളസി, കർപ്പൂര തുളസി, കാട്ടുതുളസി, കൃഷ്ണതുളസി എന്നിങ്ങനെ നാല് തുളസികൾ ഉള്ളതിൽ ഏറ്റവും ഔഷധവീര്യമുള്ളതാണ് കൃഷ്ണതുളസി. ലാമിയേസിയേ സസ്യകുടുംബത്തിൽ പെടുന്ന കൃഷ്ണതുളസിയുടെ ശാസ്ത്രീയനാമം ഒസിമം സാങ്റ്റം എന്നാണ്. നിരവധി അപൂർവ്വ തൈലങ്ങൾ അടങ്ങിയതിനാലാണ് തുളസിയിലയ്ക്ക് നല്ല സുഗന്ധം അനുഭവപ്പെടുന്നത്.