salman-khan

മുംബയ്: നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി അനൂജ് തപന്‍ ജീവനൊടുക്കി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ തപന്‍ പൊലീസ് കസ്റ്റഡിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഗുരുതര പരിക്കുകളോടെയാണ് അനൂജിനെ കണ്ടെത്തിയതെന്നും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെന്നും മുംബയ് പൊലീസ് പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഏപ്രില്‍ 14നാണ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബയ് മെട്രോപോളിസിലെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്നത്.തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21), സോനു കുമാര്‍ ചന്ദര്‍ ബിഷ്ണോയ് (37), അനൂജ് തപന്‍ (32) എന്നിങ്ങനെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് അനൂജ് ഉള്‍പ്പെടുന്ന സംഘം വെടിവയ്പ്പ് നടത്തിയത്.

ലോറന്‍സ് ബിഷ്ണോയ് ജയിലിലാണെങ്കിലും ഇയാളുടെ സഹോദരന്‍ അന്‍മോല്‍ നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് വെടിവെപ്പ് സംഘം പ്രവര്‍ത്തിച്ചത്. അന്‍മോലാണ് ഇവരെ വാടകയ്‌ക്കെടുത്തത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുമ്പില്‍, ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവയ്പ്പ് നടത്തിയത്.

തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.വെടിവയ്പ്പ് നടത്തി സല്‍മാന്‍ഖാനെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമേ സംഘത്തിനുണ്ടായിരുന്നുള്ളൂവെന്നും ഇതിന് ഒരു ലക്ഷം പ്രതിഫലം വാങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്.