roads

ന്യൂഡൽഹി: അറ്റകുറ്റപ്പണികൾക്ക് സ്വയം പരിഹാരം കണ്ടെത്താൻ സാധിക്കുന്ന റോഡുകൾ? കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ റോഡ് അറ്റകുറ്റപ്പണികളിൽ വിപ്ലവം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ഒരു നൂതന സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്ന കുഴികളുടെ നിരന്തരമായ പ്രശ്നം പരിഹരിക്കാനുള്ള കഴിവുള്ള സെൽഫ്ഹീലിംഗ് അസ്ഫാൽറ്റിന്റെ ഉപയോഗത്തെ കുറിച്ചാണ് പര്യവേക്ഷണം.

എന്നിരുന്നാലും, സാങ്കേതികവിദ്യ വലിയ തോതിൽ നടപ്പിലാക്കുന്നതിന് മുമ്പ്, അതിന്റെ സാദ്ധ്യതയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് സമഗ്രമായ വിശകലനം നടത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ചെലവ് കുറയ്ക്കുന്നത് അടക്കം പരിഗണനയിലുണ്ട്. പുതിയ സാങ്കേതികവിദ്യ റോഡുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികളുടെ ആവശ്യം പ്രായോഗികമായി ഇല്ലാതാക്കുകയും ചെയ്യും. ഇത് അപകടങ്ങൾ കുറയ്ക്കാനും ഗതാഗത തടസം കുറയ്ക്കാനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയിൽ 2022ൽ മാത്രം 22 ശതമാനത്തോളം റോഡപകടം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടുതലും റോഡുകളിലെ കുഴികളിൽ വീണുള്ള അപകടമാണ്. ഏകദേശം 4446 അപകടങ്ങൾ. 2021ൽ 3625 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 1856 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.