മൂന്നു തവണ കാൻസർബാധ. രണ്ടു ശസ്ത്രക്രിയകൾ. വൃക്കകളിലൊന്നും പ്രോസ്റ്റേറ്റ് ഗ്രന്ഥിയും നീക്കംചെയ്തു. എന്നിട്ടും കാൻസറിനെ പേടിച്ച് ഓടുകയല്ല, പിന്നാലെ കൂടിയ രോഗത്തെ ഓടിത്തോല്പിക്കുകയായിരുന്നു, തങ്കപ്രസാദ്!
കാൻസർ എന്ന ഭീകരനെപ്പേടിച്ച് ഓടുന്നവർക്കിടയിൽ, മൂന്നുവട്ടം തന്നെ ആക്രമിക്കാനെത്തിയ ആ ശത്രുവിനെ ഓട്ടത്തിലൂടെ തോൽപ്പിച്ച കഥയാണ് എൻ.എസ് തങ്കപ്രസാദിന്റേത്. രോഗത്തിൽ നിന്ന് മുക്തി നേടാനായി തുടങ്ങിയ ഓട്ടം തങ്കപ്രസാദിനെ രാജ്യമറിയുന്ന മാരത്തോൺ ഓട്ടക്കാരനാക്കി. ഇപ്പോഴിതാ ദീർഘദൂര ഓട്ടത്തിലെ പ്രധാന നേട്ടങ്ങളിലൊന്നായ പ്രോ കാം സ്ളാം ടൈറ്റിൽ 69-ാം വയസിൽ തങ്കപ്രസാദിനെ തേടിയെത്തിയിരിക്കുന്നു!
കൊല്ലം കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ തങ്കപ്രസാദ് കോളേജ് പഠനകാലത്ത് മികച്ച ദീർഘദൂര ഓട്ടക്കാരനായിരുന്നു. 10,000 മീറ്ററിൽ മെഡലുകളും നേടിയിട്ടുണ്ട്. എസ്.ബി.ടിയിൽ ജോലി കിട്ടിയതോടെ ട്രാക്കിലെ ഓട്ടമൊക്കെ വിട്ട് ബാങ്കിന്റെ കണക്കുപുസ്തകങ്ങളിലൂടെ 'ഓട്ടം" തുടങ്ങി. 2013-ൽ എസ്.ബി.ടിയിൽ അസിസ്റ്റന്റ് ജനറൽ മാനേജറായിരിക്കെയാണ് ആദ്യമായി കാൻസർ തങ്കപ്രസാദിനെ കാണാനെത്തുന്നത് . വൃക്കയിലായിരുന്നു അർബുദ ബാധ. ശസ്ത്രക്രിയയിലൂടെ ഒരു കിഡ്നി എടുത്തുമാറ്റേണ്ടിവന്നു. അടുത്ത വർഷം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വില്ലൻ കടന്നെത്തിയതായി പതിവു പരിശോധനകൾക്കിടയിൽ കണ്ടെത്തി. 37 റേഡിയേഷനുകളുടെ പോരാട്ടകാലം പിന്നിട്ട് രണ്ടാമതും രോഗമുക്തി.
തടി കുറയ്ക്കാൻ
ഓട്ടത്തുടക്കം
2015-ലാണ് ബാങ്കിൽ നിന്ന് വിരമിക്കുന്നത്. റിട്ടയർമെന്റ് കഴിഞ്ഞപ്പോൾ ഭാരം 101കിലോ. ഈ അമിതഭാരം കുറയ്ക്കാനൊരു വഴി തേടിയാണ് ജിംനേഷ്യത്തിന്റെ പടി കയറിയത്. ഒന്നുരണ്ടു കൊല്ലത്തോളം ജിമ്മിൽ പോയെങ്കിലും പ്രതീക്ഷിച്ചതു പോലെ തടിയങ്ങോട്ട് കുറയുന്നില്ല. അപ്പോഴാണ് കൂടെ പരിശീലിച്ചിരുന്നൊരു സുഹൃത്ത് ഓട്ടം 'പ്രിസ്ക്രൈബ്" ചെയ്തത്. ഒറ്റയ്ക്ക് ഓടാൻ മടിയാണെങ്കിൽ തിരുവനന്തപുരത്ത് ഐറ്റെൻ എന്ന പേരിൽ ഓട്ടക്കാരുടെ ഒരു കൂട്ടായ്മയുണ്ടെന്നും പറഞ്ഞു. അങ്ങനെ തങ്കപ്രസാദ് വീണ്ടും ഓട്ടം തുടങ്ങി; വ്യായാമത്തിനു വേണ്ടി മാത്രം. ഭാരം പതിയെ കുറയാൻ തുടങ്ങി. പക്ഷേ, അപ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസറിന്റെ രണ്ടാം വരവ്. ഇക്കുറി അവനെ ഓടിക്കാൻ ഡോക്ടർമാർക്ക് കത്തിയെടുക്കേണ്ടിവന്നു. 2019-ലായിരുന്നു ശസ്ത്രക്രിയ.
ഓപ്പറേഷൻ കഴിഞ്ഞ് കുറച്ചു മാസം വിശ്രമിച്ചപ്പോൾ പിന്നെയും ശരീരഭാരം കൈവിട്ടുപോയി. ചിട്ടയായ വ്യായാമമില്ലാത്തതാണ് രോഗങ്ങൾ വരാൻ കാരണമെന്ന് മനസു പറഞ്ഞു. ഓട്ടം ഒന്നുകൂടി സ്ട്രോംഗ് ആക്കാനാണ് തോന്നിയത്. വെറുതെ വ്യായാമത്തിനു വേണ്ടി ഓടിയിട്ട് കാര്യമില്ല. മത്സരിച്ചോടുക തന്നെ! അങ്ങനെ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാനായി പിന്നത്തെ ശ്രമം. പക്ഷേ, അപ്പോഴേക്കും ലോകത്തിന്റെ ഓട്ടത്തിന് 'സ്റ്റോപ് വിസിൽ" മുഴക്കി, കൊവിഡ് കുതിച്ചുചാട്ടം തുടങ്ങിയിരുന്നു. അതുകൊണ്ടൊന്നും തങ്കപ്രസാദ് പതറിയില്ല. ലോകം ലോക് ഡൗണിൽ കുരുങ്ങിക്കിടക്കുമ്പോൾ പാതയോരങ്ങളിലൂടെ പ്രസാദ് പതിയെ ഓടിത്തുടങ്ങി. മൂന്നുതവണ വിളിക്കാതെ വിരുന്നുവന്ന കാൻസർ ഒറ്റ വൃക്കക്കാരനാക്കി മാറ്റിയതിന്റെ തളർച്ച കൂടാതെ, പ്രായക്കണക്കോർത്ത് പതറാതെ അറുപതുകളുടെ രണ്ടാം പകുതിയിൽ തങ്കപ്രസാദ് പ്രൊഫഷണൽ ഓട്ടക്കാരനാകാൻ പരിശീലനം തുടങ്ങി.
മത്സരിച്ചോടിയ
മനസ്
കുറച്ചൊക്കെ ഓടുന്നത് നല്ലതാണെന്നു പ്രോത്സാഹിപ്പിച്ച ഡോക്ടർമാർ, മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയാണ് ലക്ഷ്യമെന്നു പറഞ്ഞപ്പോൾ ഉപദേശത്തിന്റെ ടോൺ ഒന്നു മാറ്റി, കോളേജിൽ പഠിക്കുമ്പോൾ ഓട്ടക്കാരനാണെന്നു കരുതി ആ ചെറുപ്പം ഇപ്പോൾ ശരീരത്തിന് ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഒറ്റയടിക്ക് ഓട്ടമത്സരത്തിന് ഇറങ്ങിക്കളയരുത്. പതിയെപ്പതിയെ പരിശീലിച്ച് സമയമെടുത്ത് ചെയ്താൽ മതി. ഡോക്ടർമാരായ രണ്ട് പെൺമക്കളും അച്ഛന്റെ ആഗ്രഹത്തിനു വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്നു. അങ്ങനെ റിട്ടയർമെന്റും ഓപ്പറേഷനുകളുമൊക്കെ കഴിഞ്ഞ് ഏതെങ്കിലുമൊരു ഫ്ളാറ്റിന്റെ ബാൽക്കണിയിൽ ആകാശത്തേക്കുനോക്കി ഇരിക്കേണ്ട പ്രായത്തിൽ തങ്കപ്രസാദ് മണ്ണിൽ ചവിട്ടി ഓടാൻ തുടങ്ങി; പണ്ട് കോളേജ് പഠനകാലത്ത് നേടിയതുപോലെയാെരു മെഡൽ നേടാൻ...
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ ആറു മണിക്ക് തങ്കപ്രസാദെത്തും. ദിവസവും രണ്ടര മണിക്കൂറോളം പരിശീലനം. വാം അപ്പിനു ശേഷം സ്റ്റേഡിയത്തിലെ ട്രാക്കിൽ 25 റൗണ്ടുകളാണ് കണക്ക്. മിനിമം പത്തു കിലോമീറ്ററെങ്കിലും ഓടിയിരിക്കും. കുറച്ചുകാലം കൊണ്ട് മത്സരങ്ങൾക്കിറങ്ങാൻ ശരീരം സജ്ജമായി. കേരളത്തിന് അകത്തുതന്നെയുള്ള ചെറിയ മാരത്തോണുകളിലാണ് ആദ്യം മത്സരിച്ചു തുടങ്ങിയത്. അറുപത് വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിലായിരുന്നു മത്സരം. പിന്നീട് കൊച്ചിയിലും ബംഗളൂരുവിലും കൊൽക്കത്തയിലും ഡൽഹിയിലും മുംബയിലുമൊക്കെയായി നിരവധി മത്സരങ്ങൾ. ഖത്തർ മാരത്തോണിലും പങ്കാളിയായി.
തോറ്റത് പ്രായവും
കാൻസറും
ചിലത് 42 കിലോമീറ്റർ ഫുൾ മാരത്തോൺ, ചിലത് 21 കിലോമീറ്റർ ഹാഫ് മാരത്തോൺ. ചിലത് പത്തു കിലോമീറ്റർ. പലതിലും മെഡൽ നേടി. ഒടുവിൽ, പ്രോ കാം സ്ളാം ടൈറ്റിലും. ഒരേ വർഷം മുംബയ് ഫുൾ മാരത്തോൺ, ഡൽഹി ഹാഫ് മാരത്തോൺ, കൊൽക്കത്ത 25 കി.മീ മാരത്തോൺ, ടി.സി.എസ് മാരത്തോൺ എന്നിവയിൽ നിശ്ചിത സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്നവർക്കാണ് പ്രോ കാം സ്ളാം ടൈറ്റിൽ ലഭിക്കുക. ബംഗളൂരുവിൽ നടന്ന ടി.സി.എസ് 10 കി.മീ വേൾഡ് മാരത്തോണിൽ 65 വയസിനു മീതെയുള്ളവരുടെ വിഭാഗത്തിൽ നിശ്ചിത സമയത്തിനകം ഫിനിഷ് ചെയ്താണ് തങ്കപ്രസാദ് ഈ നേട്ടം വെട്ടിപ്പിടിച്ചത്.
ഓട്ടമത്സരം തുടങ്ങിയതിനു ശേഷം കാൻസറെന്നല്ല, ഒരു അസുഖവും തന്റെ പിന്നാലെ വന്നിട്ടില്ലെന്ന് തങ്കപ്രസാദ് പറയുന്നു. ആഴ്ചയിൽ ആറു ദിവസവും പരിശീലനം. ശരീരത്തിന്റെ ആവശ്യമറിഞ്ഞുള്ള ഭക്ഷണം. നല്ല വിശ്രമം. പെൻഷനായി കിട്ടുന്ന കാശുകൊണ്ട് മത്സരങ്ങൾക്ക് പോകുന്നു. ഓരോ തവണ
ഫിനിഷിംഗ് ലൈൻ കടക്കുമ്പോഴും സംതൃപ്തി. വിദേശത്തു നിന്ന് നിലവാരമുള്ള റണ്ണിംഗ് ഷൂസുകളാണ് മക്കളുടെ സമ്മാനം. ബംഗളൂരുവിൽ നിന്ന് പ്രോ കാം സ്ളാം നേടിവന്നതിനു ശേഷം ഖത്തറിലുള്ള ഇളയ മകളുടെ അടുത്തേക്കാണ് വിമാനം കയറിയത്.
ബാക്കിയുണ്ട്,
ദൂരങ്ങൾ
ഖത്തറിൽ റോഡരികിലൂടെ ഓടി കുറച്ചുനാൾ പരിശീലനം നടത്തണം. അവിടെ റോഡിന്റെ വശത്ത് ഓട്ടക്കാർക്കു വേണ്ടി പ്രത്യേക സിന്തറ്റിക് ട്രാക്കുണ്ട്. കടൽക്കാറ്റേറ്റ് സുഖമായി ഓടാം. ലോകപ്രശസ്തമായ രണ്ട് മാരത്തോണുകളിൽക്കൂടി മത്സരിക്കണമെന്നാണ് ആഗ്രഹം- ലണ്ടൻ മാരത്തോണിലും മെൽബൺ മാരത്തോണിലും. അതിനുള്ള പരിശീലനമാണ് ഖത്തറിൽ.
ഭാര്യ രമ എം.നായർ തങ്കപ്രസാദിന്റെ ഓട്ടത്തിന് കൂട്ടുനിൽക്കുന്നു. മൂത്ത മകൾ ഡോ. ദക്ഷിണ പ്രസാദ് തിരുവനന്തപുരത്ത് ജി.ജി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ. ഇളയവൾ ഡോ.ഐശ്വര്യ പ്രസാദ് നേരത്തേ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലായിരുന്നു.
ഇപ്പോൾ ഖത്തറിലെ നസീം മെഡിക്കൽ സെന്ററിൽ. മരുമകൻ ക്യാപ്ടൻ സനു കൃഷ്ണൻ ഖത്തർ എയർവേയ്സിൽ പൈലറ്റാണ്. അനിന്ദിത ബി.നായർ, അഭ്രിക നായർ, വൈശാലി നായർ എന്നിവരാണ് ചെറുമക്കൾ.