തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണ വിവാദത്തിന് പിന്നാലെ ഇപി ജയരാജന്‍ നിയമനടപടി ആരംഭിച്ചിരുന്നു. ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപവാദമുണ്ടാക്കുന്ന തരത്തില്‍ പ്രതികരണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, നന്ദകുമാര്‍, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ നേരത്തെ ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
സിപിഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശക്കാരനാക്കുന്നതിനും അധിക്ഷേപിക്കുന്നതിനും ഗൂഢാലോചനയും കള്ളപ്രചാരണവും നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ ഇപി ജയരാജന്‍ ആരോപിക്കുന്നത്. വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ് മൂന്ന് പേരും ഉന്നയിച്ചതെന്നും ഇതിലൂടെ പാര്‍ട്ടിയേയും തന്നെയും മോശക്കാരായി ചിത്രീകരിക്കുന്നതിന് സാഹചര്യമുണ്ടായെന്നും ഇപി പറയുന്നു.
ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന ഇ പി നോട്ടീസ് അയച്ചത്.