kseb

തിരുവനന്തപുരം: കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതോടെ ലോഡ് ഷെഡ്ഡിംഡ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ 11 മണിക്ക് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

വൈദ്യുതി ഉപഭോഗം അമിതമായതോടെ സംസ്ഥാനത്തെമ്പാടും ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് വ്യാപകമാണ്. ഈ പശ്ചാത്തലത്തിൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സർക്കാർ. വിതരണ സംവിധാനത്തിന്റെ പരിധിക്കപ്പുറം ഉപഭോഗം ഉണ്ടായാൽ ഗ്രിഡുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെയാണ് ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് സംഭവിക്കുന്നത്. സാങ്കേതികമായി അഞ്ചു മിനിട്ട് കഴിഞ്ഞ് ഫീഡറുകൾ ചാർജ് ചെയ്യാൻ കഴിയുമെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ അര മണിക്കൂറെങ്കിലും വേണ്ടിവരും.

ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുമ്പോൾ ജീവനക്കാർ മുൻനിശ്ചയിച്ച പ്രകാരം നിശ്ചിത സമയത്ത് വൈദ്യുതി വിതരണം നിറുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്നുള്ളതും അടക്കം 4500 മെഗാവാട്ടാണ് പ്രതിദിനം വിതരണം ചെയ്യാൻ ലഭ്യമായുള്ളത്. എന്നാൽ 5700 മെഗാവാട്ടിലും കൂടുതലാണ് ഇപ്പോഴത്തെ ഉപഭോഗം. ജലവൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തിയും അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങിയുമാണ് ഇത് നികത്തുന്നത്.