തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് തോമസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ചുലക്ഷം രൂപയാണ് തോമസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. തോമസിന്റെ മകളുടെ വിവാഹാവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ട് ബാങ്ക് അധികൃതർ നൽകിയില്ല. ഇതേത്തുടർന്ന് കനത്ത മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.