v

സ്നേഹത്തിന്റെ സ്വരം ഒരിക്കലും ഗർജ്ജനം ആകില്ല! ഗർജ്ജനത്തിലൂടെ മനുഷ്യർക്ക് സ്നേഹം പ്രകടിപ്പിക്കാനും ആകില്ല

പലരും മറന്നുപോകുന്നൊരു സത്യം ഓർമ്മിപ്പിക്കാം: മനുഷ്യന് ശബ്ദിക്കാനാണ് കഴിയുക; വന്യമൃഗങ്ങൾക്ക്‌ ഗർജ്ജിക്കാനും! പക്ഷെ, മനുഷ്യരൂപമുള്ള, വന്യസ്വഭാവം ശീലിച്ച ചിലരും ഗർജ്ജിക്കാറുണ്ട്- ഗൗരവത്തോടെ ഇത്രയും പറഞ്ഞശേഷം, സദസ്സിലെ പിരിമുറുക്കം കുറയ്ക്കാനെന്ന പോലെ പ്രഭാഷകൻ വാത്സല്യപൂർവം സദസ്യരെ നോക്കി ഒന്നു പുഞ്ചിരിച്ചു. സദസ്യരിൽ ചിലരെങ്കിലും അപ്പോൾ പ്രഭാഷകനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുന്നതു പോലുള്ളൊരു ശരീരഭാഷയിലായിരുന്നു! ഇതു മനസിലാക്കിയ പ്രഭാഷകൻ തുടർന്നു:

'ചുറ്റുമൊന്നു നിരീക്ഷിച്ചാൽ നമുക്കു ബോദ്ധ്യപ്പെടും, നീചന്മാരായ മിക്കവർക്കും ഗർജ്ജനസ്വരം തന്നെയാണെന്ന്! അവർക്ക് മനുഷ്യരെപ്പോലെ സംസാരിക്കാൻ കഴിയില്ല. മനുഷ്യരെ ഭയചകിതരാക്കുന്ന നിലയിൽ ഗർജ്ജിക്കാൻ കഴിയുകയും ചെയ്യും! അതു കേൾക്കുമ്പോൾ നമ്മൾ കരുതും, ഏതോ വന്യമൃഗം നമുക്കരികിൽ എത്തിയെന്ന്! ജീവഭയത്തോടെ നോക്കുമ്പോൾ, ചുറ്റുവട്ടത്തെങ്ങും ഒരു മൃഗത്തെ കാണാനില്ല! എന്നാൽ, മനുഷ്യമൃഗത്തിന്റെ മണമുണ്ടുതാനും! നോക്കണേ, ഇക്കൂട്ടരുണ്ടാക്കുന്ന കൺഫ്യൂഷൻ!"

പ്രഭാഷകന്റെ അവതരണ ശൈലിയിൽ ആകൃഷ്ടരായി, തങ്ങൾ സഹിക്കാൻ കുറെ പാടുപെട്ട ഗർജ്ജന ശൈലിക്കാരെ നിലത്തിട്ട് പ്രഭാഷകൻ തട്ടുന്നതിന്റെ താളത്തിന്റെ ലഹരിയിലായിരുന്നു സദസ്യരിൽ മിക്കവരുമെങ്കിലും അപൂർവം ചിലർ, അവരവരെപ്പറ്റിത്തന്നെ ചിന്തിച്ച് അങ്ങനെയൊന്നും വേണ്ടായിരുന്നു എന്നൊരു ചിന്തയിലായിരുന്നു! പ്രഭാഷകൻ തുടർന്നു: 'ഏറ്റവും ദുർബലവും അനിശ്ചിതവുമായ ശൈശവവും ബാല്യവുമാണ് മനുഷ്യർക്കുള്ളത്! മിക്ക ജീവികളുടെയും കുഞ്ഞുങ്ങൾക്ക്‌ വളരെ ചെറിയൊരു വേള കഴിഞ്ഞാൽ അവയുടെ അന്നമിരിക്കുന്നിടം അന്വേഷിച്ചു പോയി ഭക്ഷിക്കാൻ കഴിയും. എന്നാൽ, മനുഷ്യക്കുഞ്ഞിന്റെ കഥയെന്താണ്! പെറ്റമ്മയോ, അമ്മയെപ്പോലെ സ്നേഹം ഇറ്റിച്ചു തരാൻ മറ്റാരെങ്കിലുമോ ഉണ്ടായില്ലെങ്കിൽ, കിടക്കുന്നിടത്തു കിടന്ന്, മാനംനോക്കി കരഞ്ഞുകരഞ്ഞ് മരിക്കുകയല്ലാതെ മറ്റെന്തു മാർഗമാണ് ഉള്ളത്?​

മറ്റൊരു കാര്യംകൂടി സൂചിപ്പിക്കാം. അന്നത്തിനായി ഇപ്രകാരം കരയുമ്പോൾ ആണിനും പെണ്ണിനും ഒരേ സ്വരം! ഭാവിയിൽ ഗർജ്ജനം ശീലമാക്കാൻ സാദ്ധ്യതയുള്ള ഒരു മിടുമിടുക്കനോ മിടുക്കിയോ ആണെന്നൊരു സൂചനപോലും നൽകാതെ കാര്യം സാധിച്ചെടുക്കുന്ന മിടുക്കല്ലേ 'കരയുന്ന കുഞ്ഞിനേ പാലുള്ള"എന്നത്! തുടക്കം ഇങ്ങനെയൊക്കെയാണെങ്കിലും, ഒടുക്കം എങ്ങനെയാകണമെന്ന് വിശ്വവിഖ്യാത സാഹിത്യകാരൻ മാക്സിം ഗോർഖിയോട് മുതിർന്നൊരു തൊഴിലാളി ഉപദേശിച്ചതു കൂടി പറയാം.

യുക്രെയിനിലെ ഒരു തൊഴിലാളി ക്യാമ്പിൽ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാക്സിം ഗോർഖി. ശാസ്ത്രത്തിന്റെ പുരോഗതിയെക്കുറിച്ചാണ് ഗോർഖിയുടെ ആവേശപ്രസംഗം. 'പറവയേക്കാൾ ആയിരമായിരം മടങ്ങ് ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ കണ്ടുപിടിച്ചു, ആനയുടെ പതിന്മടങ്ങ് ഭാരമെടുക്കുന്ന യന്ത്രങ്ങൾ കണ്ടുപിടിച്ചു, മത്സ്യത്തേക്കാൾ പതിനായിരമിരട്ടി വേഗത്തിലോടുന്ന ജലവാഹിനികൾ കണ്ടുപിടിച്ചു, ചീറ്റപ്പുലിയേക്കാൾ വേഗമുള്ള വാഹനങ്ങൾ കണ്ടുപിടിച്ചു..." ഗോർഖി അങ്ങനെ ആവേശംകൊണ്ടു നിൽക്കെ,​ മുതിർന്ന ഒരു തൊഴിലാളി മെല്ലെ എഴുന്നേറ്റ് ചോദിച്ചു: ഇപ്രകാരം നേട്ടങ്ങളുടെ കൂമ്പാരങ്ങൾ കൂട്ടിത്തന്ന ശാസ്ത്രം, എപ്പോഴെങ്കിലും മനുഷ്യനെ സ്നേഹം പഠിപ്പിച്ചിട്ടുണ്ടോ?"

ആ ചോദ്യത്തിനു മുന്നിൽ വിശ്വസാഹിത്യകാരന്റെ ആവേശ പ്രസംഗം നിലച്ചുവത്രെ! ഓർക്കുക: സ്നേഹത്തിന്റെ സ്വരം ഒരിക്കലും ഗർജ്ജനമാവില്ല! ഗർജ്ജനങ്ങളിലൂടെ മനുഷ്യർക്ക് സ്നേഹം പ്രകടിപ്പിക്കാനുമാകില്ല." തന്നെ ഇമവെട്ടാതെ ശ്രവിച്ചുകൊണ്ടിരുന്ന സദസ്യരോടായി പ്രഭാഷകൻ പറഞ്ഞു നിറുത്തി.