ന്യൂഡൽഹി: വിനോദയാത്രയ്‌ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ജമ്മു കാശ്‌മീരിലെ ബെനി ഹാളിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നാദാപുരം സ്വദേശി സഫ്വാൻ പിപി (23) ആണ് മരിച്ചത്. അപകടത്തിൽ 14പേർക്ക് പരിക്കേറ്റു. ഇവരിൽ 12പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളേജിലെ മുൻ ബിഫാം വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതിൽ ആറുപേർ.
കഴിഞ്ഞ ഡിസംബറിൽ സമാനമായ അപകടം സംഭവിച്ചിരുന്നു. കേരളത്തിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് വിനോദയാത്രയ്‌ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചുപേർ മരണപ്പെട്ടു. അതിൽ നാലും മലയാളികളാണ്. സോനം മാര്‍ഗിലേക്ക് പോകവെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വിനോദസഞ്ചാരികളായ സുധേഷ്, അനില്‍, വിഗ്നേഷ്, രാഹുല്‍ എന്നീ നാലുപേരാണ് മരിച്ചത്.
ജമ്മുകാശ്മീര്‍ സ്വദേശിയായ ഇജാസ് അഹമ്മദ് എന്നയാളായിരുന്നു വാഹനമോടിച്ചിരുന്നത്. ഇയാളും അപകടത്തിൽ മരിച്ചു. കാറില്‍ ഡ്രൈവറെ കൂടാതെ ഏഴ് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ മരിക്കുകയും മൂന്നുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു എന്നുമാണ് അന്ന് ജമ്മുകാശ്മീര്‍ പൊലീസ് നൽകിയ വിവരം.