അബുദാബി: യുഎഇയിലെ കനത്ത മഴയിൽ വിമാന യാത്രക്കാർക്ക് നിർദേശങ്ങളുമായി ദുബായിലെ എയർപോർട്ടുകളും എയർലൈനുകളും. മഴമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്.
വിമാനത്താവളങ്ങളിലേയ്ക്ക് പോകുന്നവർ യാത്ര സാധാരണ സമയത്തേക്കാൾ നേരത്തെയാക്കണമെന്നാണ് പ്രധാന നിർദേശം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കും അൽ മക്തം അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കും പോകുന്നവർ പതിവിൽ നിന്ന് നേരത്തെതന്നെ യാത്ര തിരിക്കണം. ട്രാഫിക് അപ്‌ഡേറ്റുകൾക്കായി ആപ്പുകൾ ഉപയോഗിക്കാം. മറ്റ് എളുപ്പവഴികൾ തിരഞ്ഞെടുക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നും മൂന്നും ടെർമിനലുകളിൽ എത്തിച്ചേരാൻ ദുബായ് മെട്രോ ഉപയോഗിക്കാമെന്നും ഒരു വിമാനത്താവളത്തിന്റെ വക്താവ് പറഞ്ഞു. വിമാനത്തിന്റെ കാര്യങ്ങൾ തിരക്കാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ മേയ് രണ്ടിന് ഇടിമിന്നൽ സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്‌ച മുതൽ രണ്ടുദിവസത്തേയ്ക്ക് നേരിയതോ ശക്തമായതോ മഴ ലഭിക്കുമെന്നാണ് യുഎഇ അധികൃതർ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശമുണ്ട്. ഷാർജയിലെയും ദുബായിലെയും സ്കൂളുകൾക്ക് ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.