modi

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കംചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ടാണ് ചിത്രം നീക്കം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാൽ, യുകെയിലെ മരുന്നുനിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഷീൽഡ് വാക്സിൻ ​ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനിതന്നെ സമ്മതിച്ച സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് മോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കംചെയ്തതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ട് ഏറെ നാളെയെന്നും അപ്പോഴൊന്നും ചിത്രം നീക്കിയിരുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ ഇതൊന്നും കാര്യമാക്കാതെ കേന്ദ്രം മോദിയുടെ ചിത്രം ഉൾപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസമാണ് കൊവിഷീൽഡ് വാക്സിന് ​ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കമ്പനി സമ്മതിച്ചത്. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്‌സിൻ കാരണമാകാമെന്ന് മരുന്നുനിർമ്മാണ കമ്പനി യു.കെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും​ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അറിയിച്ചു. കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.


ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചത്. പല പേരുകളിൽ ആഗോളതലത്തിൽ ഈ വാക്‌സിൻ ഉപയോഗിച്ചു. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്കായിരുന്നു രാജ്യത്ത് ആസ്ട്രാസെനേകയുടെ കൊവിഡ് വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈസൻസ്. ഇന്ത്യയിൽ 175 കോടി ഡോസ് കൊവിഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിന് ഉപയോഗിച്ചത്. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ആരോപിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടും 51 പേരടങ്ങുന്ന സംഘം യുകെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.