sachin-arya-aa-rahim

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്‌നത്തിൽ മേയർ ആര്യാ രാജേന്ദ്രനു വേണ്ടി ആദ്യം ഇടപെട്ടത് താനാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എ.എ റഹിം. മേയറുടെ മെന്റൽ ട്രോമ തനിക്കറിയാമെന്നും റഹിം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് റഹിം ഇക്കാര്യം വെളിപ്പെടുത്തിയത്.

''എല്ലാവർക്കും കേറി കൊട്ടിയിട്ടുപോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആർക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കിൽ അതങ്ങ് അവസാനിപ്പിച്ചേക്കണം. ഏകപക്ഷീയമായി ഇങ്ങനെ ആക്രണം നടത്തിയാൽ ചെയ്യുന്ന പണി നിറുത്തി വീട്ടിൽ പൊയ്‌‌ക്കോളുമെന്ന് ഒരാളും കരുതണ്ട. യൂത്ത് കോൺഗ്രസും കോൺഗ്രസുമാണ് ഇതിന് പിന്നിൽ. അവർ ഇറക്കി വിട്ടിരിക്കുന്ന സൈബർ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലത്. ഇതെല്ലാം ഞങ്ങൾ രാഷ്‌ട്രീയമായി നേരിടും.

മേയർ എന്ത് തെറ്റാണ് ചെയ‌്തത്. ഈ സംഭവത്തിന്റെ ആദ്യ മണിക്കൂറിൽ ഇടപെട്ടയാളാണ് ഞാൻ. ആര്യയോട് ഞാൻ സംസാരിച്ചതാണ്. എനിക്കറിയാം അവളുടെ മെന്റൽ ട്രോമ. അവൾക്ക് നേരിടേണ്ടി വന്ന അശ്ലീല ആംഖ്യഭാഷയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെട്ട് ചെറിയ പ്രായത്തിൽ മേയർ സ്ഥാനത്ത് എത്തിയതു മുതൽ ആര്യയെ ആക്രമിക്കുകയാണ്. അതിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ട്. അങ്ങിനെ ഒരു ബ്രാൻഡ് ഉയർന്നുവരണ്ട എന്നതാണ് ആ ലക്ഷ്യം. അതൊക്കെ മനസിലാക്കാനുള്ള ശേഷി ഇടതുപക്ഷത്തിനുണ്ട്. ഇതൊക്കെ കൊണ്ട് മേയർ ആര്യ പണി നിറുത്തി പോകുമെന്ന് ആരും വിചാരിക്കണ്ട. ഇക്കാര്യത്തിൽ ജനാധിപത്യപരമായും നിയമപരമായും ഡിവൈഎഫ്ഐ ശക്തമായി മുന്നോട്ടു പോകും''.

ഞങ്ങളുടെ പ്രിയപ്പെട്ട സഖാക്കൾ ഒറ്റക്കായി പോകുമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. ഈ തെറ്റായ പ്രവണതയ‌്ക്കെതിരെ സംഘടന ഒറ്റക്കെട്ടായി മുന്നിലുണ്ടാകുമെന്നും റഹിം വ്യക്തമാക്കി. സച്ചിൻ ദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും, ടിക്കറ്റ് എടുത്ത് ഡിപ്പോയിലേക്ക് പോകാനാണ് ബസിൽ കയറിയതെന്നുമാണ് റഹിമിന്റെ വിശദീകരണം.

കെഎസ്ആർടി.സി ഡ്രൈവറുമായുണ്ടായ തർക്കത്തിനുപിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നും ഇതു തടയണമെന്നുമുള്ള മേയറുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദു കമ്മീഷ്ണർക്ക് നൽകിയ പരാതിയും പൊലീസ് അന്വേഷിക്കും. കന്റോൺമെന്റ് പൊലീസിനാണ് അന്വേഷണ ചുമതല.

പൊലീസ് കമ്മിഷണർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും നൽകിയ പരാതികളിൽ നടപടി ഉണ്ടാകാതെ വന്നാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിനും സീബ്രാ ലൈനിൽ വാഹനം നിർത്തി ട്രാഫിക് നിയമം തെറ്റിച്ചതിനും കേസെടുക്കാമെങ്കിലും ഡ്രൈവറുടെ ആരോപണം നിലവിലെ കേസിനൊപ്പം അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഡ്രൈവർ യദുവിന്റെ മൊഴിയെടുക്കും.

അപകടകരമായ നിലയിൽ വാഹനമോടിച്ച് നിയമലംഘനം നടത്തുകയും അശ്ളീല ആംഗ്യംകാട്ടിയ ഡ്രൈവറെ തടഞ്ഞു വയ്ക്കുകയുമാണ് മേയറും എം.എൽ.എയും ചെയ്തതെന്ന് പൊലീസ് ന്യായീകരിക്കുന്നു. യദുവിന് പിന്തുണയുമായി പ്രതിപക്ഷ തൊഴിലാളി, യുവജന സംഘടനകളും രംഗത്തെത്തി.

മേയർക്കും എം.എൽ.എ യ്ക്കുമെതിരെ കെ.പി.സി.സി. സെക്രട്ടറി സി.ആർ.പ്രാണകുമാർ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും ഗതഗാത കമ്മിഷണർക്കും കെ.എസ്.യുവും പരാതി നൽകിയിട്ടുണ്ട്.

ബസ് തടഞ്ഞില്ലെന്ന നിലപാടിലായിരുന്നു മേയർ. റെഡ് സിഗ്നലിൽ ബസ് നിറുത്തിയപ്പോൾ ബസിനടുത്തെത്തി ഡ്രൈവറെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത് എന്നാണ് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ സീബ്രാ ലൈനിൽ ബസിന് കുറുകേ കാർ നിർത്തിയിട്ടശേഷം ബസിന്റെ ഡോർ വലിച്ചുതുറന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഈ വാദം പൊളിയുകയായിരുന്നു.

മേയർ പരാതി നൽകിയതോടെയാണ് യദു കൗണ്ടർ പരാതി നൽകിയത് . പൊലീസ് എത്തിയാണ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത് അതിനാൽ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന പരാതിയിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന്റേയും കെ.എസ്.ആർ.ടി.സിയുടേയും ഏക പക്ഷീയമായ നിലപാടിനെതിരെ യൂത്ത് കോൺഗ്രസും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് കോർപ്പറേഷൻ ഓഫീസിലേക്കും ടി.ഡി.എഫ് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലേക്കും സമരം നടത്തി.