ബംഗളൂരു: പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ തടവുകാരൻ വിഴുങ്ങിയ മൊബൈൽഫോൺ ശസ്ത്രക്രിയിലൂടെ പുറത്തെടുത്തു. കർണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിലെ മുപ്പത്തെട്ടുകാരനായ പരശുറാം എന്ന തടവുകാരനാണ് മൊബൈൽ വിഴുങ്ങിയത്. അസഹ്യമായ വയറുവേദനയെത്തുടർന്ന് ഇയാളെ ആദ്യം ജയിൽ ഡോക്ടർ പരിശോധിച്ചു. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വയറുവേദന കടുത്തതോടെ വിദഗ്ദ്ധ ചികിത്സയ്ക്ക് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ സ്കാനിംഗിലാണ് അന്യവസ്തു വയറ്റിൽ ഉണ്ടെന്നും ഇതാണ് വേദനയ്ക്ക് കാരണമെന്നും കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയ ആരംഭിക്കുമ്പോഴും വയറ്റിനുള്ളിലെ അന്യവസ്തു എന്താണെന്ന് ഡോക്ടർമാർക്ക് വ്യക്തമായിരുന്നില്ല. എന്നാൽ അത് പുറത്തെടുത്തപ്പോഴാണ് അവർ അന്തംവിട്ടത്. സിംകാർഡും ബാറ്ററിയും ഉൾപ്പടെയുള്ള കീ പാഡ് ഫോണാണ് വിഴുങ്ങിയത്. ഫോൺ നീക്കംചെയ്തതോടെ പരശുറാമിന്റെ വയറുവേദനയും ശമിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തടവുകാരൻ എല്ലാം തുറന്ന് സമ്മതിച്ചത്. ഒരുമണിക്കൂറിലധികം ശസ്ത്രക്രിയ നീണ്ടു.
അധികൃതർ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനാണ് ഫോൺ വിഴുങ്ങിയതെന്നാണ് തടവുകാരൻ സമ്മതിച്ചത്. ഇരുപത് ദിവസംമുമ്പായിരുന്നു ഇത്. മറ്റ് ഫോണുകളെക്കാൾ ചെറുതായിരുന്നതിനാൽ മലവിസർജനം ചെയ്യുമ്പോൾ പുറത്തുവരുമെന്നും അപ്പോൾ എടുത്ത് വീണ്ടും ഉപയോഗിക്കാം എന്നുമാണ് കരുതിയത്. പക്ഷേ, പ്രതീക്ഷ തെറ്റിച്ച് ചെറുകുടലിനുള്ളിൽ മൊബൈൽ കുടുങ്ങുകയായിരുന്നു. ആദ്യം ചെറിയ വേദന തുടങ്ങിയെങ്കിലും അത് കടിച്ചമർത്തുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. തടവുകാരനെതിരെ ജയിൽ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.