തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസക്കാലമായി സംസ്ഥാനത്ത് വേനൽ കടുത്തതോടെ വീടുകളിലെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നിട്ടുണ്ട്. പകൽ സമയത്തും രാത്രി സമയങ്ങളിലും കേരളത്തിലെ മിക്ക വീടുകളിലും ഫാനിന്റെയും എയർ കണ്ടീഷണറുകളുടെയും ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളികൾ ഒന്നടങ്കം അതിശയിച്ചുപോയിരിക്കുന്നത് ഇത്തവണത്തെ കറണ്ട് ബില്ല് കണ്ടിട്ടാണ്. രണ്ടുമാസത്തെ ബില്ല് ഒന്നിച്ചുവന്നപ്പോഴാണ് വർദ്ധനവറിഞ്ഞ് വീട്ടുകാർ ഞെട്ടിയിരിക്കുന്നത്.
സ്ലാബ് മാറുന്നതോടെ ഇടത്തരം കുടുംബങ്ങളിലെയടക്കം കറണ്ട് ബില്ലിൽ വൻവർദ്ധനവാണ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ തവണ വന്നതിന്റെ ഇരട്ടി ബില്ലാണ് മിക്ക വീടുകളിലും ഇത്തവണ എത്തിയിരിക്കുന്നത്. അതേസമയം, വരുമാനം കൊണ്ട് ഒത്ത് വരുന്നില്ലെങ്കിലും എങ്ങനെയെങ്കിലും എയർ കണ്ടീഷണറുകൾ വീടുകളിൽ സ്ഥാപിക്കണമെന്നാണ് സാധാരണ കുടുംബങ്ങളിലെയും ചർച്ച. ചൂട് കാരണം രാത്രിയിൽ പോലും സുഖമായി ഉറങ്ങാൻ സാധിക്കാതെ വന്നതോടെ എയർകണ്ടീഷണറുകളിലാണ് ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത്. ഇതോടൊപ്പം ഫാനുകൾ ഇടവേളയില്ലാതെ പ്രവർത്തിക്കുന്നതും കറണ്ട് ബില്ല് കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.
വീടുകളിൽ രണ്ട് എയർ കണ്ടീഷണറുകൾ ഉണ്ടെങ്കിൽ 8000 മുതലാണ് ബില്ല്. ഇതിനുപുറമേ വെള്ളത്തിന് വേറെയും ബില്ലുണ്ടാകും. കറണ്ട് ബില്ല് ഇരട്ടിയായി വന്നതോടെ ഈ മാസത്തെ വരവും ചെലവും താളം തെറ്റിയ അവസ്ഥയിലാണെന്നാണ് മലയാളികളുടെ അഭിപ്രായം. ചൂട് കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് ഉപയോഗിച്ചുവരുന്നത്. മുൻപ് പീക്ക് ടൈം രാത്രി 11 മണി വരെയായിരുന്നു. ഇപ്പോൾ പുലർച്ചെ രണ്ടര വരെയാണ് പീക്ക് ടൈം.
അതേസമയം, വൈദ്യുതി ഉപഭോഗത്തിൽ അൽപം കുറവ് വരുത്തി പരമാവധി സ്ലാബ് മാറാതെ നോക്കിയാൽ കറണ്ട് ബില്ല് കുറച്ചെങ്കിലും ലഘൂകരിക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.