കേരളത്തിലെ ഒരു ക്ഷേത്രത്തിന് മുന്നിലായി ഇറച്ചിക്കട പ്രവർത്തിക്കുന്നുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലാണ് ഇറച്ചിക്കട പ്രവർത്തിക്കുന്നത് എന്ന തരത്തിലാണ് വീഡിയോ വൈറലാവുന്നത്.
ക്ഷേത്രത്തിന് സമാനമായ ഒരു കെട്ടിടത്തിന് മുന്നിലായി ഒരു ചെറിയ കട പ്രവർത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം ചില സംഭാഷങ്ങളും കേൾക്കാം. 'സുഹൃത്തുക്കളേ, ഇത് സീതാരാമ ക്ഷേത്രമാണ്. ഇതിന് മുന്നിലായി ഒരു കട പ്രവർത്തിക്കുന്നു. ഇറച്ചിവിൽക്കുന്ന കടയാണിത്. ക്ഷേത്രസമുച്ചയമാണിത്. അതിന് മുന്നിലാണ് കടയുള്ളത്. സൂക്ഷിച്ച് നോക്കിയാൽ ഹിന്ദിയിൽ എന്തോ എഴുതിയിരിക്കുന്നതും കാണാം'- എന്നാണ് ദൃശ്യത്തിലുള്ളയാൾ പറയുന്നത്.
വീഡിയോയിലുള്ള എഴുത്തിൽ രാഹുൽ ഗാന്ധിയാണ് കട ഉദ്ഘാടനം ചെയ്തതെന്നും ചൂണ്ടിക്കാട്ടുന്നു. 'ഹിന്ദുക്കളേ ഉണരൂ, കേരളത്തിലെ വയനാട്ടിലുള്ള സീതാരാമ ക്ഷേത്രമാണിത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമാണിത്. രാഹുൽ ഗാന്ധിയാണ് ക്ഷേത്രത്തിന് മുന്നിലുള്ള ഇറച്ചിക്കട ഉദ്ഘാടനം ചെയ്തത്'- എന്നാണ് എഴുത്തിലുള്ളത്.
എന്നാൽ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും പാകിസ്ഥാനിൽ നിന്നുള്ള വീഡിയോയാണ് കേരളത്തിൽ നിന്നുള്ളതെന്ന പേരിൽ പ്രചരിക്കുന്നതെന്നും എൻഡിടിവി കണ്ടെത്തിയിരിക്കുകയാണ്.
എങ്ങനെയാണ് യാഥാർത്ഥ്യം കണ്ടെത്തിയത്?
വീഡിയോയിൽ വന്ന കമന്റുകളിൽ തന്നെ ഇത് പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് പറയുന്നുണ്ട്. 2023 ഓഗസ്റ്റ് 25ന് മക്കൻ റാം ജയ്‌പാൽ വ്ളോഗ്‌സ് എന്ന യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയാണിതെന്ന് എൻഡിടിവി കണ്ടെത്തി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജംഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഈ പ്രദേശത്ത് ഹിന്ദുക്കൾ താമസിക്കുന്നില്ല. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയും എൻഡിടിവി ചിത്രങ്ങൾ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. അതിനാൽ തന്നെ പ്രചരിക്കുന്ന ദൃശ്യങ്ങൾ ശരിയല്ലെന്ന് സ്ഥിരീകരിക്കുകയാണ് എൻഡിടിവി.
ക്ഷേത്രത്തിന്റെ ചരിത്രം
പാകിസ്ഥാൻ പത്രമായ 'ദി ഫ്രൈഡേ ടൈംസിലെ' ഒരു ലേഖനത്തിൽ സീതാ രാമക്ഷേത്രത്തിന്റെ ചിത്രമുണ്ട്. ജംഗ് ജില്ലയിലെ അഹമ്മദ്‌പൂർ സിയാൽ തഹ്‌സിലിലുള്ള സീതാരാമക്ഷേത്രം 19ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയിലെ നാഴികക്കല്ലുകളിലൊന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശം ഒരുകാലത്ത് ഹിന്ദുക്കളുടെ ഭൂരിപക്ഷമുള്ള നഗരമായിരുന്നു. ഇവിടെ നിരവധി ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഉണ്ടായിരുന്നു.
ഒരു പ്രാദേശിക ചരിത്രകാരൻ പറയുന്നതനുസരിച്ച്, 1992ൽ ഇന്ത്യയിലെ ബാബറി മസ്ജിദ് ആക്രമണത്തെത്തുടർന്ന് അക്രമാസക്തമായ ഒരു ജനക്കൂട്ടം ക്ഷേത്രം ആക്രമിച്ചു. നിലവിൽ കെട്ടിടം ക്ഷേത്രമായി പ്രവർത്തിക്കുന്നില്ല. കൂടാതെ പ്രദേശത്ത് ചന്ത പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഭൂരിഭാഗവും നാട്ടുകാരാണ് മോഷ്ടിച്ചതെന്നും ചരിത്രകാരൻ വ്യക്തമാക്കുന്നു.