ലൂസിയാന: വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഹൈസ്‌കൂൾ അദ്ധ്യാപിക പിടിയിൽ. യുഎസിലെ ലൂസിയാന സ്വദേശിയായ അലെക്‌സാ വിംഗർട്ടറിനെയാണ് (35) അറസ്റ്റ് ചെയ്തത്. 40,000 വിദ്യാർത്ഥികൾ പഠിക്കുന്ന സെന്റ് താമനി പാരിഷ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു യുവതി. അലെക്‌സയെക്കുറിച്ച് മാർച്ച് മാസം മുതൽ തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നു.
വിദ്യാർത്ഥികളായ ആൺകുട്ടികളോട് യുവതി അപമര്യാദയായി പെരുമാറുന്നവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സ്ലൈഡൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അലെക്‌സ വിദ്യാർത്ഥികൾക്കുവേണ്ടി സ്വകാര്യ ബാറിലെത്തി മദ്യം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടികൾക്ക് യുവതി തന്റെ നഗ്നച്ചിത്രങ്ങൾ നിരന്തരമായി അയച്ചുക്കൊടുത്തതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ബലപ്രയോഗിച്ചാണ് അലെക്‌സ ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മൊഴി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ അധികൃതരും രംഗത്തെത്തി. യുവതി ഇപ്പോൾ സ്കൂളിലെ അദ്ധ്യാപികയല്ലെന്നാണ് അധികൃതരുടെ പ്രതികരണം. 'ഞങ്ങളുടെ വിദ്യാർത്ഥികളെ സംരക്ഷിക്കാനായി വ്യക്തമായ നിയമങ്ങൾ ഇവിടെ നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്'- അധികൃതർ കൂട്ടിച്ചേർത്തു.