driving-license-test

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് ഓരോ കേന്ദ്രത്തിലും ദിവസം 30 പേർക്ക് മാത്രം നടത്തണമെന്ന മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശം പിൻവലിച്ചു. ഇന്ന് മുതൽ ദിവസം 60 പേർക്ക് ടെസ്റ്റ് നടത്തും. മന്ത്രിയുടെ നിർദ്ദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്നാണിത്. ഇതിനൊപ്പം ടെസ്റ്റിൽ മറ്റുചില പരിഷ്കാരങ്ങളും വരുത്തി. നാലു ചക്രവാഹനങ്ങൾക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ 'എച്ച്' എടുക്കാൻ അനുവദിക്കൂ. നിലവിൽ തിരിച്ചാണ്. ടെസ്റ്റ് കർശനമാക്കുന്നതിന്റെ ഭാഗമാണിത്.

പലപ്പോഴും റോഡ് ടെസ്റ്റ് 'വഴിപാടായി' മാറുന്നുവെന്ന വിമർശനം ഒഴിവാക്കാൻ കൂടിയാണ് പുതിയ പരിഷ്‌കാരം. ട്രാഫിക് നിയമങ്ങൾ മനസിലാക്കി നന്നായി വാഹനമോടിക്കാനായാൽ 'എച്ച്' ടെസ്റ്റ് കഠിനമായി തോന്നിയില്ലെന്നും വിലയിരുത്തുന്നു. പുതുതായി 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമടക്കം 60 പേർക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക. ടെസ്റ്റ് ദിവസവും 30 മാത്രമാക്കിയാലുള്ള അപ്രായോഗികത നേരത്തേ കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.

കഠിന ടെസ്റ്റ് തത്കാലമില്ല

'എച്ച് ' എടുക്കുന്നതിനൊപ്പം പാരലൽ പാർക്കിംഗും, കയറ്റത്തിൽ നിറുത്തലുമടക്കമുള്ള ടെസ്റ്റ് പരിഷ്‌കാരങ്ങളും നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തത്കാലമില്ല. മാവേലിക്കരയിൽ മാത്രമാണ് നിലവിൽ ഇതിന് സൗകര്യമുള്ളത്. മറ്റിടങ്ങളിൽ ആയിട്ടില്ല.

മലപ്പുറം പരാമർശം വിവാദത്തിൽ

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധത്തിന് പിന്നിൽ മലപ്പുറത്തെ മാഫിയ സംഘമാണെന്ന ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ പരാമർശം വിവാദത്തിൽ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കൊണ്ട് പിൻമാറില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥർ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആർടി ഓഫീസിൽ നടന്നത് മൂന്ന് കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു.