മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ട്വന്റി 20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിൽ ടീമിൽ തിരഞ്ഞെടുത്തത് ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം സഞ്ജുവിനെക്കുറിച്ചാണ് ചർച്ച. ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു. ടീമിൽ ഇടം നേടിയതിന് പിന്നാലെ സഞ്ജു പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.
ഇപ്പോഴിതാ സഞ്ജുവിന്റെയും ഭാര്യയുടെയും പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഞ്ജു കോളേജിൽ പഠിക്കുന്ന സമയത്ത് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചതും പിന്നാലെ കോളേജിൽ നടന്ന കാര്യങ്ങളെക്കുറിച്ചുമാണ് ഭാര്യ ചാരുതല പറയുന്നത്. ഇതോടൊപ്പം സഞ്ജു പോപ്പുലറായപ്പോൾ തനിക്ക് മനസിൽ തോന്നിയ കാര്യവും ചാരുലത തുറന്നുപറയുന്നുണ്ട്.
ചാരുലതയുടെ വാക്കുകൾ
'എനിക്ക് സത്യം പറഞ്ഞാൽ സഞ്ജു പോപ്പുലർ ആയിട്ടുളള ഒരാളായത് പ്രശ്നമായിരുന്നു. ഞങ്ങൾ മാർ ഇവാനിയോസിൽ രണ്ടാം വർഷം പഠിക്കുമ്പോഴാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടുന്നത്. അപ്പോൾ കോളേജിന് അന്ന് ഉച്ചയ്ക്കുശേഷം അവധി. കോളേജിൽ ആഘോഷം. ലഡു കൊടുക്കുന്നു. മൊത്തത്തിൽ ആഘോഷം. എല്ലാ ക്ലാസിലും സഞ്ജുവിന്റെ വക ലഡു വിതരണം. പെൺകുട്ടികൾ പൂക്കൾ വാരിയെറിയുന്നു. ഇതൊക്കെ കണ്ടപ്പോൾ എന്റെ ജീവിതത്തിൽ ഇതൊക്കെ ശരിയാകുമോ എന്ന ചിന്തയായിരുന്നു ആദ്യം.
പക്ഷെ അവൻ നോർമലായിട്ടാണ് എന്നോട് പെരുമാറിയത്. സഞ്ജു എന്ന വ്യക്തിയെയാണ് എനിക്കിഷ്ടമായത്. എന്നോടുമാത്രമല്ല സഞ്ജുവിന് അറിയാവുന്ന എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്. അവൻ ഫോണിലൂടെ അധികം സംസാരിക്കാറില്ല. മെസേജ് അയക്കാറുണ്ട്. ആദ്യം കാണുമ്പോൾ എനിക്ക് ജാഡയാണെന്ന് തോന്നും. പക്ഷെ കുറച്ച് സമയെടുത്താൻ ആളുകൾക്ക് മനസിലാകും. കല്യാണത്തിന് മുൻപ് ഞങ്ങൾ വല്ലപ്പോഴും മാത്രമാണ് കണ്ടിരുന്നത്. അപ്പോഴും ഹാപ്പിയായിരുന്നു'- ചാരുലത പറഞ്ഞു.