തണുപ്പിച്ച ബിയറിന് രുചി കൂടാൻ കാരണമെന്തെന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോർട്ട്. 'മാറ്റർ ജേർണലിൽ' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധതരം മദ്യത്തിലെ എഥനോൾ തന്മാത്രകളുടെയും ജലത്തിന്റെയും സ്വഭാവം പഠിച്ചതിനുശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
രുചിയെ സ്വാധീനിക്കുന്ന ഈ തന്മാത്രകളുടെ ഘടനയ്ക്ക് മദ്യത്തിന്റെ എബിവിയെ (ആൽക്കഹോൾ ബൈ വോളിയം) മാത്രമല്ല, അതിന്റെ താപനിലയെയും സ്വാധീനിക്കാൻ കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. താഴ്ന്ന ഊഷ്മാവ് ബിയറിന്റെ സെൻസറി ആട്രിബ്യൂട്ടുകൾ വർദ്ധിപ്പിക്കുന്നു. ഇതുമൂലം തണുത്ത ബിയർ പല ഉപഭോക്താക്കൾക്കും കൂടുതൽ ആസ്വാദ്യകരമാക്കുന്നുവെന്ന് പഠനം നടത്തിയവരിൽ ഒരാളായ പ്രൊഫസർ ലി ജിയാംഗ് വ്യക്തമാക്കുന്നു.
ജലത്തിന്റെയും എഥനോൾ തന്മാത്രകളുടെയും ക്ലസ്റ്ററുകൾ പഠിക്കുമ്പോൾ, ഒരു നിശ്ചിത താപനിലയിൽ ഓരോ പാനീയങ്ങളിൽ അവ വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കുന്നതായി ഗവേഷകർ കണ്ടെത്തി. താഴ്ന്ന ഊഷ്മാവിൽ താഴ്ന്ന എബിവി പാനീയങ്ങളിലെ (ബിയർ പോലുള്ളവ) ക്ലസ്റ്ററുകൾ പിരമിഡ് പോലുള്ള ഘടനകളോട് സാമ്യമുള്ളതായി കാണപ്പെടുന്നു. മറുവശത്ത്, ഉയർന്ന എബിവി ഉള്ള ചൂടുള്ള പാനീയങ്ങളിൽ ചെയിൻ പോലുള്ള ആകൃതികളുള്ള ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. താപനില കുറയുമ്പോൾ, ഘടന കൂടുതൽ ഒതുക്കമുള്ളതായിത്തീരുന്നു, അതിനാലാണ് ശീതീകരിച്ച ബിയറിന് കൂടുതൽ ഉത്തേജിപ്പിക്കുന്ന രുചിയുള്ളതെന്ന് പ്രൊഫസർ ജിയാംഗ് പറഞ്ഞു.
ഉയരുന്ന താപനില ബിയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നായ ഹോപ്‌സ് പൂക്കളുടെ അളവും ഗുണനിലവാരവും കുറയ്ക്കുമെന്ന് സയന്റിഫിക് ജേർണലായ നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.