തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തേണ്ടെന്ന് തീരുമാനം. വൈദ്യുതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ലോഡ്ഷെഡിംഗിന് പകരം മറ്റുവഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയാേട് ആവശ്യപ്പെട്ടു. മന്ത്രി മുഖ്യമന്ത്രിയെ കാണും.കെഎസ്ഇബി ഇന്ന് യോഗംചേരുകയും പുതിയ നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിക്കുകയും ചെയ്യും.
കൊടുംചൂട് കാരണം വൈദ്യുത ഉപയോഗം കൂടുന്നതിനാൽ നിയന്ത്രണം വേണമെന്ന് നേരത്തേ കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ചർച്ചചെയ്യാൻ വിളിച്ച ഉന്നതതലയാേഗത്തിലാണ് സർക്കാർ നിലപാട് വൈദ്യുതമന്ത്രി അറിയിച്ചത്. വ്യവസായശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദ്ദേശവും യോഗത്തിലുണ്ടായി. രാത്രിസമയങ്ങളിൽ ചെറിയതോതിൽ വൈദ്യുതനിയന്ത്രണം കൊണ്ടുവരാനാണ് നിർദ്ദേശമുണ്ടായത്. വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാൻ മാളുകൾക്ക് നിർദ്ദേശം നൽകണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. കൃഷി ആവശ്യത്തിനുള്ള പമ്പിംഗ് പകൽമാത്രമായി പരിമിതപ്പെടുത്തിയേക്കും. പതിനഞ്ചുദിവസംകൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൂട് കടുത്തതോടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വൈദ്യുത ഉപയോഗമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. പീക്ക് ടൈമിൽ അയ്യായിരത്തിലേറെ മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. നേരത്തേ രാത്രി പതിനൊന്നുവരെയാണ് പീക്ക് ടൈം കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ അത് പുലർച്ചെ രണ്ടുവരെയാണ്.
വൈദ്യുതി ഉപയോഗം പരിധികടക്കുന്നത് പലയിടങ്ങളിലും ട്രാൻസ്ഫോമറുകൾക്ക് തകരാറുണ്ടാകുന്നതിനും വൈദ്യുതബന്ധം നിലയ്ക്കാനും കാരണമാകുന്നുണ്ട്.. അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ആണിതെന്ന് ആരോപിച്ച് പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്.