അമ്മമരം എന്നു കേൾക്കുമ്പോൾ അമ്മയെന്ന മഹാവൃക്ഷത്തെയാണ് ഓർമ്മ വരിക. മക്കൾ വളർന്നു വലുതാകാൻ അവർക്ക് എന്നും താങ്ങും തണലുമായി പടർന്നു പന്തലിച്ച് തായ്വേരിൽ ഉറച്ചുനിൽക്കുന്ന അമ്മ. സ്നേഹത്തിന്റെ മറ്റൊരു പര്യായം! മക്കൾക്ക് ഓരോ അമ്മയെക്കുറിച്ചും മറക്കാനാവാത്ത ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. ഇത് ഒരു 'അമ്മമര"ത്തിന്റെ കഥയാണ്. ഗുരു നിത്യചൈതന്യയതി ഒരുപാട് സ്നേഹിച്ചിരുന്ന മദർ ട്രീയുടെ കഥ!
ഒരു നൂറ്റാണ്ടു മുമ്പ്, 1923-ൽ നടരാജഗുരു ഊട്ടിയിൽ സ്ഥാപിച്ചതാണ് ഫേൺഹിൽ നാരായണ ഗുരുകുലം. നടരാജഗുരുവിന്റെ സമാധിക്കു ശേഷം ഗുരു നിത്യചൈതന്യ യതിക്കായിരുന്നു ഗുകുലത്തിന്റെ ചുമതല. പരിമിതമായ ചുറ്റുപാടിൽ നടരാജഗുരു ആരംഭിച്ച ഗുരുകുലത്തെ ലോകപ്രശസ്തമായ ഒരു വലിയ സ്ഥാപനമായി ഉയർത്താൻ ഗുരു നിത്യചൈതന്യയതിക്കു കഴിഞ്ഞു. കവിയും അദ്ധ്യാപകനുമായിരുന്ന പന്തളം രാഘവപ്പണിക്കരുടെയും വാമാക്ഷി അമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ വകയാറിൽ 1924 നവംബർ രണ്ടിനായിരുന്നു ജനനം. ജയചന്ദ്ര പണിക്കർ എന്നായിരുന്നു ആദ്യകാലത്തെ പേര്.
അവധൂതന്റെ സഞ്ചാരം
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വീടുവിട്ടിറങ്ങി, ഇന്ത്യയിലെ പല സ്ഥലങ്ങളിലും ചുറ്റിസഞ്ചരിച്ചു. ഏതാണ്ട് എട്ടു വർഷക്കാലം നീണ്ട ആ യാത്രയിൽ അദ്ദേഹം ബുദ്ധമതം, ജൈനമതം, സൂഫിസം എന്നിവ പഠിച്ചു. ഇതിനിടെ മഹാത്മാഗാന്ധി, രമണ മഹർഷി തുടങ്ങിയവരെ കണ്ടുമുട്ടുകയും ചെയ്തു. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു മടങ്ങിയെത്തിയ അദ്ദേഹം ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
1951ൽ രമണ മഹർഷിയുടെ സ്വാധീനത്തിൽ യതി സന്യാസം സ്വീകരിച്ചു. കുറച്ചുകാലം കൊല്ലം ശ്രീനാരായണ കോളേജിലും ചെന്നൈ വിവേകാനന്ദ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി. അതിനു ശേഷം ഡൽഹിയിലെ സൈക്കിക്ക് ആൻഡ് സ്പിരിച്വൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി. ആ സമയത്താണ് നടരാജഗുരു സമാധിയാകുന്നതും നാരായണ ഗുരുകുലത്തിന്റെ സാരഥ്യം നിത്യചൈതന്യയതി ഏറ്റെടുക്കുന്നതും.'ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ബ്രഹ്മവിദ്യ"യുടെ സ്ഥാപകനും ചെയർപേഴ്സണുമായിരുന്നു. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിൽ 120 പുസ്തകങ്ങളും ഇംഗ്ലീഷിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി.
ഹൃദയത്തിലേറ്റിയ ഗുരുവചനം
കുമാരനാശാന്റെ കൃതിയായ 'നളിനി"യെക്കുറിച്ച് അദ്ദേഹമെഴുതിയ 'നളിനി എന്ന കാവ്യശില്പ"ത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിരുന്നു. സകല ജീവജാലങ്ങളെയും സ്നേഹിക്കണം എന്ന് നമ്മെ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ നടരാജഗുരുവിനു ശേഷം ഏറ്റവും കൂടുതൽ പരിശ്രമിച്ച വ്യക്തിയായിരുന്നു ഗുരു നിത്യചൈതന്യ യതി. ഇതിനായി നിരവധി വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയും ഗുരുകുലങ്ങൾ സ്ഥാപിക്കുകയും വിദേശത്തെ ഒട്ടുമിക്ക സർവകലാശാലകളിലും പഠനക്ലാസുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്തു. ലോകം മുഴുവനും അനുയായികളും വലിയ ശിഷ്യസമ്പത്തുമുള്ള അദ്ദേഹം ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ നൂറുവയസ്സ് തികയുമായിരുന്നു.
വിദേശസഞ്ചാരവും യൂണിവേഴ്സിറ്റികളിലെ ക്ലാസ്സെടുപ്പുകളും മതിയാക്കി 1978 കാലഘട്ടത്തിൽ ഊട്ടി ഫേൺ ഹില്ലിൽ തിരിച്ചെത്തി, അവിടെ സ്ഥിരതാമസമാക്കിയ അദ്ദേഹം പുസ്തകരചനയും ആശ്രമകാര്യങ്ങളുമായി കഴിഞ്ഞുകൂടുന്നതിനിടയിൽ 1999 മേയ് 14-ന് സമാധിയായി. ചെടികളും മരങ്ങളും ഉൾപ്പെടെ സർവ ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും വളരെ വാത്സല്യത്തോടെ അവയെ നോക്കിക്കാണുകയും ചെയ്ത വലിയ പ്രകൃതി സ്നേഹി കൂടിയായിരുന്നു ഗുരു നിത്യചൈതന്യയതി. സഞ്ചരിക്കുന്ന ഒരു സർവ വിവിജ്ഞാനകോശമായാണ് അദ്ദേഹത്തെ സമൂഹം കണ്ടിരുന്നത്.
ഓർമ്മകളുടെ ഊർജ്ജം
മുൻകാലങ്ങളെക്കാൾ ഭീകരമായ രീതിയിൽ ജാതിഭേദങ്ങളും മതമാത്സര്യങ്ങളും കളം നിറഞ്ഞാടുന്ന ഇന്നത്തെ കാലഘട്ടത്തിൽ അദ്ദേഹത്തെപ്പോലെ ഒരാളുടെ അഭാവം സമൂഹത്തിന് അപരിഹാര്യമായ നഷ്ടം തന്നെയാണ്. 'ഒരു പീഡ എറുമ്പിനും വരുത്തരു"തെന്നു പറഞ്ഞ മഹാഗുരുവിന്റെ സന്ദേശം അതേപടി അനുസരിക്കുകയും അതിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഗുരു നിത്യചൈതന്യയതി. അദ്ദേഹവുമായുണ്ടായ അടുപ്പം, അപൂർവമായിക്കിട്ടിയ നിമിഷങ്ങൾ, ഒരുമിച്ചു ചെലവഴിച്ച സന്ദർഭങ്ങൾ, ആ നല്ല നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ എനിക്കിന്നും ഊർജ്ജം പകരുന്ന ഒന്നാണ്.
അദ്ദേഹം സമാധിയായിട്ട് കാൽനൂറ്റാണ്ടും ജനിച്ചിട്ട് ഒരുനൂറ്റാണ്ടും തികയുന്ന വേളയിൽ എഴുതുന്ന ചെറിയ ഒരു ഓർമ്മക്കുറിപ്പാണിത്. അദ്വൈത വേദാന്തത്തിന്റെ പ്രമുഖ വക്താവായ ഒരു സന്യാസി എന്നതിനപ്പുറം വാഗ്മി, തത്വചിന്തകൻ, എഴുത്തുകാരൻ, മനഃശാസ്ത്ര വിദഗ്ദ്ധൻ തുടങ്ങി ബഹുമുഖ പ്രതിഭയായി അറിയപ്പെട്ടിരുന്ന ആ മഹാപ്രതിഭയോടൊപ്പം കുറേ വർഷങ്ങൾ അടുത്തിടപഴകാൻ കഴിഞ്ഞു എന്നുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നു. കാരണം 21 വർഷത്തോളം ഗുരുവിനോടൊപ്പം കൂടിയിരുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഓർമ്മിക്കാനും പറയാനും ഒരുപാട് കാര്യങ്ങളുണ്ട്. നിരവധി സംഭവങ്ങൾ, അനുഭവങ്ങൾ, നേർക്കാഴ്ചകൾ..!
ആ വഴിയും ആ മരവും
അതിൽ ഒരു ചെറിയ സംഭവമാണിത്. ഒരു മദർട്രീയെപ്പറ്റിയാണ് പറയുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടി ടൗണിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ മഞ്ചനക്കുറൈ എന്ന തമിഴ്നാടൻ ഗ്രാമത്തിലെ ഒരു ഉയർന്ന കുന്നിൻമുകളിൽ ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലാണ് പ്രസിദ്ധമായ ഫേൺഹിൽ നാരായണ ഗുരുകുലം. അവിടെനിന്ന് അല്പദൂരം വെളിയിലേക്കു നടന്നാൽ ഗുരുകുലത്തിന്റെ ഗേറ്റാണ്. അതിനു മുമ്പിലൂടെ ഒരു വെട്ടുറോഡാണ്. അവിടമെല്ലാം ഗുരുതന്നെ നേരിട്ട് ചൂലും കുട്ടയുമായി ചെന്ന് തൂത്തുവൃത്തിയാക്കി സുക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു അത്. മനസ്സും ശരീരവും മാത്രമല്ല പരിസരവും ശുചയായി സൂക്ഷിക്കണമെന്ന് കാണിച്ചുതരിക കൂടിയായിരുന്നു അദ്ദേഹം.
ഗുരു തന്റെ പ്രഭാത, സായാഹ്ന സവാരികൾ നടത്തിയിരുന്നതും ഇതേ റോഡിലൂടെത്തന്നെയായിരുന്നു. ഗുരുകുലത്തിന്റെ കവാടം കഴിഞ്ഞ് കുറേദൂരം ഇടതുഭാഗത്തേക്കും തിരികെ അതേപോലെ വലതു ഭാഗത്തേക്കുമാണ് അദ്ദേഹം നടക്കുക. അവസാന നാളുകളിൽ പക്ഷാഘാതം പിടിപെടുന്ന സമയംവരെയും ഈ നടപ്പ് മുടക്കാറില്ലായിരുന്നു.
അടുത്ത ഗ്രാമത്തിലേക്കുള്ള ഈ വെട്ടുറോഡിന്റെ ഇരുവശങ്ങളിലും യൂക്കാലി, പൈൻ തുടങ്ങിയ മരങ്ങൾ വളർന്നു നില്പുണ്ടായിരുന്നു. അതിലെ ഇടതുഭാഗത്തേക്ക് സുമാർ മുപ്പതു മീറ്റർ ചെല്ലുമ്പോൾ, സാമാന്യം പ്രായമേറിയ ഒരു മരമുണ്ടായിരുന്നു. ആ മരത്തെ ഗുരു സ്നേഹപൂർവം 'മദർട്രീ" അഥവാ അമ്മമരം എന്നാണ് വിളിച്ചിരുന്നത്!
അമ്മയുടെ പുത്രൻ
ഗുരുവിനോടൊപ്പം നടന്നു നീങ്ങുമ്പോൾ, കുറെ ദൂരം വെട്ടുവഴിയിലെ റോഡിലൂടെ നടന്ന് ഗുരു ആ മരത്തിനടുത്ത് ചെന്നു നിൽക്കും. പിന്നെ സ്നേഹനിധിയായ ഒരമ്മയുടെ മുന്നിൽ ഒരു മകൻ എന്ന പോലെ അതിനെ തൊട്ടു വന്ദിക്കും. മരത്തിൽചാരി കുറേനേരം നിൽക്കും. അതിനോട് പലതും സംസാരിക്കും.
ഒരു മകൻ വാത്സല്യം പ്രകടിപ്പിക്കുന്ന തരത്തിൽ അതിനെ ആലിംഗനം ചെയ്ത് തലോടുകയും കുറച്ചുനേരം മൗനമായി നിന്ന് പ്രാർത്ഥിക്കുകയും ചെയ്യും. അതുകഴിഞ്ഞ് എല്ലാവർക്കുമായി ഒരു ചെറിയ പ്രാർത്ഥന ചൊല്ലും. അന്തേവാസികളും കൂടെ വന്ന സന്ദർശകരും അതിൽ പങ്കുചേരും. അതു കഴിയുമ്പോൾ, സ്വന്തം അമ്മയെ മാത്രമല്ല, ലോകത്തുള്ള സകല ജീവജാലങ്ങളെയും ചെടികളെയും വള്ളികളെയും മരങ്ങളെയുമെല്ലാം നമ്മൾ സ്നേഹിക്കണം എന്നു പറഞ്ഞ് അതിന്റെ ആവശ്യകതയെക്കുറിച്ച് ഗുരു സംസാരിക്കും. പിന്നെ, ആ അമ്മമരത്തെക്കുറിച്ചുള്ള പല കഥകളും പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും ആ ദിവസത്തെ സന്ധ്യാംബരത്തെക്കുറിച്ചും പറഞ്ഞ് സാവധാനം നടന്ന് ഗുരുകുലത്തിലേക്കു പോരും. ലോകാരാദ്ധ്യനായ ഗുരുവും ആ അമ്മമരവും ഇന്ന് അവിടെയില്ല. പക്ഷേ ഗുരുകുല സ്നേഹികളായ ജനലക്ഷങ്ങളുടെ മനസ്സിലും എന്റെ ചിത്രങ്ങളിലും ഇന്നും ആ അമ്മമരം പച്ചപിടിച്ചു നില്പുണ്ട്.
ഗുരുവിന്റെ ഓർമ്മകൾക്കൊപ്പം ആ മദർട്രീയും! സ്വന്തം അമ്മയെപ്പോലും തല്ലുകയും കൊല്ലുകയുംചെയ്യുന്ന തരം പ്രവണതകൾ കൂടിവരുന്ന ഇക്കാലത്ത് ഈ അമ്മമരത്തിന്റെ കഥ ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പഠിപ്പിച്ച ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദിക്കൊപ്പം, ഗുരുവിന്റെ ഇരുപത്തിയഞ്ചാം സമാധി വാർഷിക ദിനവുമാണ് ഈ മേയ് 14. അതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ പരിപാടികൾക്ക് ഫേൺ ഹില്ലിൽ ഇന്ന് തുടക്കമാകും.