ചെന്നൈ:വിഖ്യാത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ (72) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. ഗായകനായ എ. വി രമണനാണ് ഭർത്താവ്. ഏക പുത്രൻ വിഘ്നേഷ് രമണനും ഗായകനാണ്.
തമിഴിൽ 200ഓളം ഗാനങ്ങൾ ആലപിച്ചു.അതിൽ നൂറിലേറെയും ഇളയരാജയുടെ ഈണത്തിലാണ്. ഇളയരാജ- ഉമ കൂട്ടുകെട്ട് വലിയ ഹിറ്റായിരുന്നു. ഇളയരാജയുടെ സംഗീത സംവിധാനത്തിൽ യേശുദാസിനും എസ് പി. ബാലസുബ്രഹ്മണ്യത്തിനുമൊപ്പം പാടിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.
1977ൽ ശ്രീകൃഷ്ണലീല എന്ന ചിത്രത്തിൽ എസ്. വി. വെങ്കട്ടരാമൻ ചിട്ടപ്പെടുത്തിയ 'മോഹനൻ കണ്ണൻ മുരളീ....' എന്ന ഗാനത്തിലാണ് തുടക്കം. ആ സിനിമയിൽ എ.വി രമണനൊപ്പം പാടി. നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച മൂന്നര പതിറ്റാണ്ട് നീണ്ട സംഗീത യാത്രയുടെ തുടക്കമായിരുന്നു അത്. ഇക്കാലത്ത് 6000ത്തിലേറെ സംഗീതക്കച്ചേരികൾ നടത്തി.
പഴനി വിജയലക്ഷ്മിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീതം പഠിച്ചു. പദ്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായി ശാസ്‌ത്രീയ നൃത്തവും പഠിച്ചിട്ടുണ്ട്.
എ. വി. രമണന്റെ സ്റ്റേജ് പരിപാടിയിൽ പുതുമുഖ ഗായികയായാണ് അരങ്ങേറ്റം. ആ അടുപ്പം വിവാഹത്തിൽ എത്തി.
നിഴൽകൾ എന്ന ചിത്രത്തിൽ ഇളയരാജ ഈണം നൽകിയ പൂങ്കാതവേ... എന്ന ഗാനത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. തുടർന്ന് നിരവധി ഗാനങ്ങൾ ഹിറ്റായി. ഇളയരാജയുടെ 'ഭൂപാളം ഇസൈയ്ക്കും', 'അന്തരാഗം കേൾക്കും കാലം',' 'നീ പാതി നാൻ പാതി കണ്ണേ,'പൂ മാനേ' 'ആഗവാ വെണ്ണിലവേ', 'ഒരു ജീവൻ അലൈത്തത്' 'ശ്രീരംഗ രംഗനാഥിനിൻ', തുടങ്ങിയവ ഉമയുടെ ഹിറ്റ് ഗാനങ്ങളാണ്. പ്ലേ ബോയ് എന്ന ഹിന്ദി ചിത്രത്തിലും ഉമയും രമണനും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എം. എസ് വിശ്വനാഥൻ, ശങ്കർ - ഗണേശ്, വിദ്യാസാഗർ തുടങ്ങിയ സംഗീത സംവിധായകർക്ക് വേണ്ടിയും പാടിയിട്ടുണ്ട്.
തത്സമയ സംഗീത പരിപാടികളിലൂടെയും ശ്രദ്ധനേടി. 2005ൽ നടൻ വിജയുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ 'കണ്ണും കണ്ണും താൻ കലന്താച്ചു' എന്ന ഗാനമാണ് അവസാനമായി പാടിയത്.