വീടിന്റെ മുക്കിലും മൂലയിലും എത്തുന്ന ഉറുമ്പുകൾ നമുക്ക് വലിയ ശല്യം തന്നെയാണ്. പഞ്ചസാരക്കുപ്പിയാണ് ഇവയുടെ ഏറ്റവും പ്രിയപ്പെട്ടയിടം. കുപ്പിയുടെ അടപ്പ് എത്രയൊക്കെ മുറുക്കിയിട്ടാലും ഉറമ്പുകൾ എങ്ങനെയെങ്കിലും അതിനകത്തെത്തും. വെയിലത്ത് കൊണ്ടുവച്ച് ഇവയെ തുരത്താൻ ചില്ലറ മെനക്കേടൊന്നുമല്ല.
എന്നാൽ ഇത്രയും മെനക്കെടാതെ തന്നെ ഉറുമ്പുകളെ തുരത്താം. അതിന് കിടിലൻ ചില സൂത്രങ്ങളുണ്ട്. ഏലയ്ക്കയും ഗ്രാമ്പുവും ഉപയോഗിച്ച് വളരെയെളുപ്പത്തിൽ ഉറുമ്പുകളെ തുരത്താൻ സാധിക്കും. ഇവ കുറച്ചെടുത്ത് പഞ്ചസാര കുപ്പിയിൽ ഇട്ടുകൊടുക്കുക. ഉറുമ്പുകൾക്ക് ഇറങ്ങിപ്പോകാൻ കഴിയുന്ന രീതിയിൽ കുപ്പിയടക്കുക. മണിക്കൂറുകൾക്കുള്ളിൽ ഉറുമ്പുകൾ സ്ഥലം വിടും. അതിനുശേഷം ഏലയ്ക്കയും ഗ്രാമ്പുവും കുപ്പിയിൽ നിന്ന് എടുത്ത് മാറ്റി, നന്നായി ടൈറ്റാക്കി അടപ്പിടാം.
വെളുത്തുള്ളി മുറിച്ച് പഞ്ചസാര കുപ്പിയിലിട്ടാലും ഉറുമ്പിനെ അകറ്റാം. ശേഷം നേരത്തെ ചെയ്ത പോലെ തന്നെ ഉറുമ്പുകൾക്ക് ഇറങ്ങിപ്പോകാൻ പഴുതുവച്ച് അടച്ചുവയ്ക്കാം. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം മൂലം ഉറുമ്പുകൾ കുപ്പിയിൽ നിന്നിറങ്ങിപ്പോകും.
പഞ്ചസാര ലായനിയാക്കി അരിച്ചെടുത്താൽ ഉറുമ്പിനെ തുരത്താം. മഞ്ഞൾ സൂക്ഷിക്കുന്നതിന് സമീപം പഞ്ചസാര കുപ്പി വച്ചാൽ ഒരു പരിധി വരെ ഉറുമ്പ് വരാതെ നോക്കാം. അല്ലെങ്കിൽ പഞ്ചസാര കുപ്പിയുടെ ചുറ്റും മഞ്ഞൾപ്പൊടി വിതറിക്കൊടുത്താൽ മതി.