അടുത്തിടെ വിവിധ തരത്തിലുളള കർശനമായ നിർദ്ദേശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) പൊതുജനങ്ങൾക്കായി പുറത്തിറക്കുന്നത്. വണ്ടിയോടിക്കുന്ന സമയത്ത് പേഴ്സ് അല്ലെങ്കിൽ വാലറ്റ് പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ അധിക നേരം സൂക്ഷിക്കുന്ന ശീലം തെറ്റാണെന്നാണ് എംവിഡി മുന്നറിയിപ്പ് നൽകുന്നത്. ഈ ശീലം ഗുരുതരമായ നടുവേദനയിൽ അവസാനിക്കുമെന്നും എംവിഡി വ്യക്തമാക്കുന്നുണ്ട്. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന ശീലം ഫാറ്റ് വാലറ്റ് സിൻഡ്രോമിന് കാരണമാകുമെന്നും എംവിഡി പറയുന്നുണ്ട്. എന്താണ് ഈ അവസ്ഥയെന്ന് പരിശോധിക്കാം.
എന്താണ് ഫാറ്റ് വാലറ്റ് സിൻഡ്രോം
ഇതൊരു ന്യൂറോ മസ്‌കുലാർ അവസ്ഥയാണ്. പ്രത്യേക കാരണം കൊണ്ട് നിങ്ങൾക്ക് ശരീരവേദനയും നടുവേദനയും അനുഭവപ്പെടുന്നുണ്ടോ. പേഴ്സിനുളളിൽ നോട്ടുകൾ മാത്രമല്ല നാം സൂക്ഷിക്കാറുളളത്.ഇത് മടക്കി വച്ച നിലയിലാണ് നാം പോക്കറ്റിൽ വയ്ക്കാറുളളത്. ഏകദേശം അര ഇഞ്ച് മുതൽ ഒരിഞ്ച് വരെ വലിപ്പത്തിൽ ഉണ്ടാകും. ഇത്രയും കനമുളള ഒരു വസ്തു നിതംബത്തിന്റെ ഒരു ഭാഗത്ത് വച്ചുമാത്രം ഇരിക്കുമ്പോൾ ഒരു പ്രത്യേക ഭാഗത്ത് മാത്രം സമ്മർദ്ദം കൂടും.
ഈ അധികസമ്മർദ്ദമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അങ്ങനെ നിതംബഭാഗത്ത് നിന്നും കാലിലേക്ക് പടരുന്ന വേദനയും മരവിച്ച അവസ്ഥയുമായിട്ടാണ് ഈ പ്രശ്നത്തിന്റെ തുടക്കം. തുടർന്ന് നടുവേദനയും അനുഭവപ്പെടാൻ ആരംഭിക്കും. ഈ പ്രശ്നത്തെയാണ് ഫാറ്റ് വാലറ്റ് സിൻഡ്രോം അല്ലെങ്കിൽ വാലറ്റ് സയാറ്റിക്ക, പെരിഫോമിക് സിൻഡ്രോം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
നമ്മുടെ നിതംബ ഭാഗത്തെ പ്രധാന പേശികൾ ഗ്ലൂട്ടസ് മാക്സിമസ് മസിലുകളാണ്. ഇവ കൂടാതെ പിരിഫോർമിസ് മസിൽ, സിയാറ്റിക് എന്ന നാഡിയും ഉണ്ട്. പേഴ്സ് പിൻ പോക്കറ്റിൽ വച്ച് ഇരിക്കുമ്പോൾ സയാറ്റിക് നാഡിയിലും ശക്തമായ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കാലിലെ വിവിധ ഭാഗങ്ങളിൽ വേദനയും മരവിപ്പും അനുഭവപ്പെടാറുളളത്. ദീർഘകാലം ഈ അവസ്ഥ തുടരുമ്പോൾ സയാറ്റിക്ക നാഡിക്ക് ക്ഷതം സംഭവിക്കുകയും അതുപോലെ പേശികൾക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യും. ഈ മാറ്റങ്ങൾ നട്ടെല്ലിനെയും ബാധിക്കും. ഇതിനുപുറമേ നിരപ്പില്ലാത്ത പ്രതലത്തിൽ കൂടുതൽ നേരം ഇരിക്കുന്നതും പ്രശ്നം ഗുരുതരമാക്കും.
ഇത്തരത്തിലുളള പ്രശ്നങ്ങൾ അസാധാരണമാണെന്നാണ് ന്യൂറോളജിസ്റ്റായ ഡോ. ബികാഷ് മിശ്ര പറഞ്ഞത്. നടുവേദനയും ശരീരവേദനയും രൂക്ഷമാകുമ്പോൾ ഫിസിയോതെറാപ്പി ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും ബികാഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രമേഹബാധിതരായവർക്ക് ഫാറ്റ് വാലറ്റ് സിൻഡ്രോം പരിഹരിക്കാൻ കുറച്ച് പ്രയാസമായിരിക്കും.
എളുപ്പത്തിൽ പരിഹരിക്കാം
പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ പേഴ്സ് സ്ഥിരം സൂക്ഷിക്കുന്നത് ഒഴിവാക്കുകയെന്നതാണ് ഫാറ്റ് വാലറ്റ് സിൻഡ്രോം പരിഹരിക്കാനുളള ആദ്യത്തെ മാർഗം. ഇത്തരത്തിൽ ചെയ്തിട്ടും പരിഹാരം ഉണ്ടായിലെങ്കിൽ മാത്രം വിദഗ്ദ്ധരുടെ സഹായം തേടുക. മറ്റുളള പരിഹാരം എന്തൊക്കെയെന്ന് നോക്കാം.
1. സമ്മർദ്ദം കൂടി മുറുകിയിരിക്കുന്ന പിരിഫോർമിസ് പേശിക്ക് അയവ് നൽകുന്ന വ്യായാമങ്ങൾ ചെയ്യുക.
2. വ്യായാമം ചെയ്യുമ്പോൾ കൃത്യമായ ശരീരഘടനയും ബാലൻസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
3. മാർദവമില്ലാത്ത പ്രതലത്തിൽ ദീർഘനേരം ഇരിക്കാതെ ശ്രദ്ധിക്കുക.
4. ദീർഘനേരമായി ഒരു സ്ഥലത്തുത്തന്നെ ഇരിക്കുന്നത് ഒഴിവാക്കുക.
5. കഠിനമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് മുൻപ് വാം അപ്പ്, സ്‌ട്രെച്ചിംഗ് എന്നിവ ചെയ്യുക.
6. ഈ പ്രശ്നമുള്ളവർ വേദന വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ പ്രവൃത്തികളൊന്നും ചെയ്യരുത്.