കൊല്ലം: ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കള്ളക്കളി നടത്തിയ ജീവനക്കാർക്കെതിരെ കെഎസ്ആർടിസിയുടെ അച്ചടക്കനടപടി. മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. കൂട്ട അവധിയെടുത്തതിന് 10 സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലംമാറ്റവും നൽകി. നാല് ബദലി വിഭാഗം (എം പാനൽ) ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. കെഎസ്ആര്‍ടിസി ചെയര്‍മാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗം എത്തിയതറിഞ്ഞാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് മുങ്ങിയത്. യാതൊരു മുന്നറിയിപ്പും നൽകാതെയായിരുന്നു അവധിയെടുക്കൽ. ഇതോടെ ഡ്രൈവർമാരില്ലാത്തതിന്റെ പേരിൽ നിരവധി സർവീസുകൾ റദ്ദാക്കേണ്ടിവന്നു. ഇത് 1,88,665രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. ഇതേത്തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണുള്ളത്. മുന്നറിയിപ്പില്ലാതെ സർവീസ് മുടങ്ങുന്നത് ഇവരെ മറ്റുയാത്രാമാർഗങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കും. ഒരുവിഭാഗം ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളെ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടുന്നതിനാൽ വിജിലൻസ് സ്ക്വാഡ് ശക്തമായി രംഗത്തുണ്ട്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.. 'പരിശോധന കർശനമാക്കിയ ശേഷം കെഎസ്ആർടിസിയിൽ അപകടം കുറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്. സ്വകാര്യ ബസ് ജീവനക്കാരെ പരിശോധിച്ചപ്പോൾ ഒരാൾ പോലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല' മന്ത്രി പറഞ്ഞു.