arest

പുതുക്കാട് : പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വഴിയാത്രക്കാരിയായ അദ്ധ്യാപികയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ആലപ്പുഴ താമരക്കുളം അമ്പാടി വീട്ടിൽ പ്രദീപ് എന്ന ഉണ്ണിയെയാണ് (41) പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 13ന് വൈകീട്ട് ഏഴോടെയാണ് സ്വർണ്ണമാല പൊട്ടിച്ചത്. പുതുക്കാട് മാല പൊട്ടിച്ച് തിരിച്ചു പോകുന്നതിനിടെ കൊരട്ടിയിൽ നിന്നും ഇയാൾ മാല പൊട്ടിച്ചിരുന്നു. ഒല്ലൂർ പൊലീസാണ് ഇയാളെ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് പുതുക്കാട്ടെ മാല മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. റിമാൻഡിലായ ഇയാളെ കസ്റ്റഡിയിൽ വാങ്ങിയാണ് പുതുക്കാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

പുതുക്കാട് എസ്.എച്ച്.ഒ. സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ് കുമാർ, സുധീഷ്, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരാണ് അന്വേഷണങ്ങൾ നടത്തിവന്നിരുന്നത്. പ്രതിയുടെ പേരിൽ കൊരട്ടി, ഒല്ലൂർ, വിയ്യൂർ, തൃശൂർ മെഡിക്കൽ കോളേജ് തുടങ്ങിയ സ്‌റ്റേഷനിലും മറ്റു വിവിധ ജില്ലകളിലും സ്വർണ്ണമാല പൊട്ടിച്ച കേസുണ്ട്. ബംഗളൂരുവിൽ നിരവധി മാലപൊട്ടിക്കൽ കേസും കള്ളനോട്ട് കേസുമുണ്ട്. ബംഗളൂരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതി കഴിഞ്ഞ ഒക്ടോബറിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷമാണ് മറ്റ് കേസിൽപെട്ടത്.