ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന കർണാടക ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ജെ.ഡി (എസ്) നേതാവുമായ പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണെന്ന ന്യായീകരണവുമായി വിദേശകാര്യമന്ത്രാലയം. പ്രജ്വൽ രാഷ്ട്രീയ ക്ലിയറൻസ് ആവശ്യപ്പെട്ടിട്ടില്ല. ഒരു തരത്തിലുമുള്ള വീസയും നൽകിയിട്ടില്ല. നയന്ത്ര പാസ്പോർട്ടുള്ള വ്യക്തിക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ വേണ്ട. കോടതി ഉത്തരവില്ലാതെ അത് റദ്ദാക്കാനാകില്ല. അതാണ് പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥ. പാസ്പോർട്ട് റദ്ദാക്കാനുള്ള ഉത്തരവ് മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പ്രജ്വലിന് ജർമ്മനിയിലേക്ക് കടക്കാൻ കേന്ദ്രസർക്കാർ സഹായം നൽകിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് വിശദീകരണം. അതിനിടെ, തനിക്ക് കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്ന് വ്യക്തമാക്കി പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് വീഡിയോ പുറത്തിറക്കി. ഇയാൾ ഇപ്പോൾ മലേഷ്യയിൽ ആണെന്നാണ് റിപ്പോർട്ട്. വ്യാജദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രജ്വൽ നേരത്തെ പ്രതികരിച്ചിരുന്നു.
പ്രജ്വലിനെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ പേരക്കുട്ടിയും കർണാടക മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ മകനുമാണ് പ്രജ്വൽ രേവണ്ണ.
വിഷയം വിവാദമായതിനെത്തുടർന്ന് പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന ആയിരക്കണക്കിന് വീഡിയോകൾ പ്രചരിച്ചതോടെ കർണാടക പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അതേസമയം, ലൈംഗികാതിക്രമക്കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബംഗളൂരു സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
മോദി മാപ്പുപറയണം: രാഹുൽ
നടന്നത് കൂട്ടബലാത്സംഗമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർണാടക ശിവമോഗയിലെ റാലിയിൽ ആരോപിച്ചു. 400ഓളം സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. ഇക്കാര്യം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും പീഡനവീരനെ ഇപ്പോഴും പിന്തുണയ്ക്കുകയാണ്. ജെ.ഡി (എസുമായി) സഖ്യത്തിലേർപ്പെട്ടു. പ്രജ്വലിനുവേണ്ടി വോട്ടുചോദിച്ച് മോദി രാജ്യത്തെ സ്ത്രീകളെ അപമാനിച്ചു. മോദിയും ബി.ജെ.പി നേതാക്കളും രാജ്യത്തെ ഓരോ സ്ത്രീയോടും മാപ്പു പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരായിരുന്നു വേഗത്തിൽ നടപടിയെടുക്കേണ്ടിയിരുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചടിച്ചു. ഇരകളെ അമിത് ഷാ സന്ദർശിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ആവശ്യപ്പെട്ടു.