danesh

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവർ ശ്രീകാന്തിനെ (47) വെട്ടിക്കൊന്ന കേസിൽ ബന്ധുകൂടിയായ യുവാവ് അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനേഷിനെയാണ് (33) പൊലീസ് അറസ്റ്റുചെയ്തത്. ധനേഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു.

പണിക്കർ റോഡ് നാലുകുടിപ്പറമ്പ് ശ്രീമന്ദിരം വീട്ടിൽ

ശ്രീകാന്തിനെ ഞായറാഴ്ച പുലർച്ചെയാണ് വീടിന് സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തു നിന്ന് സംശയാസ്പദമായി ഒരാൾ ബൈക്കിൽ പോയെന്ന് പരിസരവാസികൾ പറഞ്ഞിരുന്നു. തുടർന്ന് സിസി.ടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ധനേഷ് പിടിയിലായത്.

കൊല്ലപ്പെടുന്നതിന്റെ തലേന്ന് ശ്രീകാന്തിന്റെ കാർ പെട്രോളൊഴിച്ച് പ്രതി കത്തിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കവെയാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്. ശ്രീകാന്തുമായി ശത്രുതയുള്ളവരെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ധനേഷിനെപ്പറ്റി വിവരം ലഭിക്കുന്നത്.

കൃത്യത്തിലേക്ക് നയിച്ചത് തീരാപ്പക

കാർ കത്തിച്ചിട്ടും പക തീരാത്ത ധനേഷ് രാത്രി ഹാർബറിൽ വെച്ച് മദ്യപിക്കുകയായിരുന്ന ശ്രീകാന്തിനെയും സുഹൃത്തുക്കളെയും കണ്ടു. പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽപോയ ധനേഷ് ശ്രീകാന്തിനെ വകവരുത്താൻ തയ്യാറായി തിരികെ ഹാർബറിലെത്തി. ശ്രീകാന്തിന്റെ സുഹൃത്തുക്കൾ കൂടെയുള്ളതിനാൽ അവസരത്തിനായി കാത്തുനിന്നു. അഞ്ചരയോടെ ഓട്ടോയിൽ കയറിപ്പോയ ശ്രീകാന്തിനെ പ്രതി പിന്തുടർന്നു. വീടിനു സമീപം ഓട്ടോ നിറുത്തി ശ്രീകാന്ത് വിശ്രമിക്കുമ്പോൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൽപ്പിടുത്തത്തിനിടെ റോഡിന്റെ എതിർവശത്തെ ഫുട്പാത്തിൽ വീണ ശ്രീകാന്തിനെ തുടരെത്തുടരെ വെട്ടി മരണം ഉറപ്പാക്കിയശേഷമാണ് പ്രതി രക്ഷപ്പെട്ടത്. ടൗൺ അസി. കമ്മിഷണർ കെ.ജി. സുരേഷ്, വെള്ളയിൽ ഇൻസ്‌പെക്ടർ പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.