തലശ്ശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുലയാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് തൃച്ചംബരത്തെ ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിനടുത്തായി നിർമ്മിച്ചു വരുന്ന റസിഡൻഷ്യൽ കെട്ടിടത്തിന്റെ നിർമ്മാണ ജോലിക്കാരനായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സുബ്രതോ മണ്ഡൽ ( 30 )ആണ് കൊല്ലപ്പെട്ടത്. കൂടെ നിർമ്മാണജോലിക്കാരനായിരുന്ന രത്തൻ മണ്ഡൽ ( 49 )ആണ് കേസിലെ പ്രതി.
2012 ഡിസംമ്പർ 8 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. നിർമ്മാണ കരാറുകാരനായ ടി.വി.പ്രഭാകരന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ്. പൊലീസ് ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പൊലീസ് ഓഫീസർമാരായ എ.വി.ജോർജ്, പി.പ്രേമരാജൻ, തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.