കാസർകോട്: ട്രെയിനുകൾക്ക് നേരെ അക്രമം തുടർക്കഥയാകുമ്പോഴും പ്രതികളെ കണ്ടെത്താനാകാത്തത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു.

കഴിഞ്ഞ16ന് മഞ്ചേശ്വരത്ത് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ സ്ത്രീക്ക് പരിക്ക് പറ്റിയ സംഭവമാണ് ഇതിൽ അവസാനത്തേത്. ഉച്ചയ്ക്ക് മംഗളൂരു ചെന്നൈ എക്സ്‌പ്രസ് ട്രെയിനിനു നേരെയാണ് മഞ്ചേശ്വരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കുമ്പളയിലും മഞ്ചേശ്വരത്തുമായി ആറ് അക്രമങ്ങളാണ് ഓടികൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെയുണ്ടായത്. ഒരുവർഷം മുമ്പ് കുമ്പളയിലും മുട്ടത്തും പലതവണ റെയിൽവേ ട്രാക്കിൽ കല്ലുകൾ വെച്ച് അട്ടിമറിശ്രമം നടന്നിരുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട മലബാർ എക്സ്‌പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു.

കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ലഹരിയിൽ രാത്രി കാലങ്ങളിൽ തമ്പടിക്കുന്ന സംഘമാണ് ട്രെയിൻ യാത്രക്കാർക്ക് ഭീഷണിയാകുന്നത്. അക്രമ സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ സംഘം ഓടി കാടുകളിലേക്ക് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ചുറ്റുമതിലുകൾ കെട്ടിയുയർത്താത്തത് സംഘത്തിന് ട്രെയിനിനു നേരെ അക്രമം നടത്താൻ എളുപ്പമാകുകയാണ്.

സി.സി.ടി.വി. ക്യാമറകൾ ഇല്ല

മഞ്ചേശ്വരത്തും കുമ്പളയിലും റെയിൽവെയുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. രണ്ടു റെയിൽവേ സ്റ്റേഷനുകളുടെയും ചുറ്റുഭാഗത്ത് വലിയ കാടുകൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. ഇത് അക്രമം നടത്തുന്ന സംഘത്തിന് അനുകൂല സാഹചര്യമുണ്ടാക്കുന്നു.