പെരിന്തൽമണ്ണ : ലഹരിവിൽപ്പന എതിർത്തയാളെ വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ സഹോദരൻ മാട്ടറക്കൽ നെല്ലിപ്പറമ്പ് കിഴിശേരി ഹസൻ(55), നാട്ടുകാരായ നെല്ലിപ്പറമ്പ് കാരാങ്കോടൻ അബൂബക്കർ സിദ്ദിഖ്(44), കളത്തിൽപീടിക കൊച്ചിയിൽ മണത്തല വീട്ടിൽ സയ്യിദ് മുഹമ്മദ് അബൂബക്കർ എന്ന ഐദ്രൂസ്(28) എന്നിവരെയാണ് സി.ഐ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാട്ടറയ്ക്കൽ പിലാക്കാടൻ നിസാമുദ്ദീനാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.നിസാമുദ്ദീന്റെ വെട്ടേറ്റ സമീപവാസിയും ചുമട്ടുതൊഴിലാളിയുമായ കിഴിശേരി സെയ്തലവി (45-മണി) പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.