തിരുവനന്തപുരം: കേരളത്തിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. ലണ്ടനിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് അലങ്കരിച്ച ഡബിൾ ഡെക്കർ ബസുകൾ ഇപ്പോൾ ലണ്ടൻ റോഡുകളിൽ കാണാൻ കഴിയും. കേരളത്തിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കാനാണ് പദ്ധതി തയ്യാറാക്കിയത്.
സോഷ്യൽ മീഡിയകളിൽ ബസിന്റെ ചിത്രങ്ങളും വീഡിയോകളും വെെറലാകുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ കേരളത്തിലെ ആലപ്പുഴയിലെ കായലിന്റെയും തോണിയുടെയും മറ്റും ചിത്രങ്ങൾ കാണാം. 'God’s Own Country' (ദെെവത്തിന്റെ സ്വന്തം നാട്) എന്നും ബസിൽ എഴുതിയിട്ടുണ്ട്. ബസിൽ കേരള ടൂറിസത്തിന്റെ ലോഗോയും കാണാം. ഒരു വശത്തായി '#TravelForGood' എന്ന ഹാഷ് ടാഗും എഴുതിയിട്ടുണ്ട്.
വീഡിയോ വെെറലായതിന് പിന്നാലെ കേരള ടൂറിസം വകുപ്പിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇത് നല്ല ഒരു വഴിയാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ആലപ്പുഴ മുഴുവൻ വാഹനത്തിലുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. ഏകദേശം നാല് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ലണ്ടനിലെ ബസുകളുടെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
'കേരള ടൂറിസത്തിന്റെ പുതിയ പ്രചരണരീതി. നമ്മുടെ ആലപ്പുഴയും ഹൗസ് ബോട്ടും ലണ്ടനിലെ ബസുകളിൽ, വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്ന പുതിയ പ്രചരണ ആശയങ്ങൾ കമൻ്റ് ബോക്സിൽ അറിയിക്കുമല്ലോ', എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.