police

മുംബയ്: ലഹരി സംഘം പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊലപ്പെടുത്തി. മുംബയ് വർളി ക്യാമ്പിലെ പൊലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് (20) കൊല്ലപ്പെട്ടത്. കഴിഞ്ഞ 28ന് രാത്രി 9.30ന് മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു ആക്രമണം. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വിശാൽ. ലോക്കൽ ട്രെയിനിൽ പോകുമ്പോൾ തന്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായത്. വാതിലിനടുത്ത് ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു വിശാൽ. ഇതിനിടെ ട്രെയിനിന്റെ വേ

ഫോൺ ഒരാൾ വെളിയിലേക്ക് തട്ടിയിടുകയും കൈക്കലാക്കുകയും ഓടുകയും ചെയ്തു. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ വിശാൽ ഇറങ്ങി മോഷ്ടാവിനു പിന്നാലെ ഓടി. കുറച്ചുദൂരം പിന്നിട്ടപ്പോൾ ലഹരിക്ക് അടിമകളായ മോഷ്ടാക്കളുടെ സംഘം അദ്ദേഹത്തെ വളഞ്ഞു. വിശാലിനെ ആക്രമിക്കുകയും മുതുകിൽ വിഷദ്രാവകം കുത്തിവയ്ക്കുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ദ്രാവകം വായിൽ ഒഴിച്ചതായും വിശാലിന്റെ മരണ മൊഴിയുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.