ഏറ്റവും ചൂടുകൂടിയ അന്തരീക്ഷമാണ് കേരളത്തിലേത്. പുറത്തിറങ്ങിയാൽ സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ചർമ സംരക്ഷണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. ശ്രദ്ധ ചെറുതായൊന്ന് പിഴച്ചാൽ വലിയ വില കൊടുക്കേണ്ടി വരും.
വെയിലത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്‌ക്രീം ഉപയോഗിക്കണം. ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. സൺസ്‌ക്രീം തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുറഞ്ഞത് എസ്പിഎഫ് 30 എങ്കിലും വേണം ഉപയോഗിക്കാൻ.
ചെറിയ വെയിലാണെങ്കിൽ പോലും ചെരുപ്പും കുടയും ഉപയോഗിക്കണം.തിരിച്ചുവീട്ടിലെത്തിയാൽ തക്കാളി നീരോ തൈരോ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്. സൂര്യാഘാതമേറ്റാൽ ആ പാട് അകറ്റാൻ കറ്റാർ വാഴ ജെൽ പുരട്ടുന്നത് ഗുണം ചെയ്യും.
നന്നായി വെള്ളം കുടിക്കണമെന്നതാണ് മറ്റൊരു കാര്യം. ഇത് ചർമ സംരക്ഷണത്തിനടക്കം ഗുണം ചെയ്യും. കൃത്യമായ ഇടവേളകളിൽ മുഖം കഴുകണം. വിയർപ്പിനെയൊക്കെ അകറ്റാൻ ഇത് സഹായിക്കും.എപ്പോഴും ഫേസ്‌വാഷ് ഉപയോഗിക്കണമെന്നില്ല. മിക്ക ഫേസ്‌വാഷും ദിവസം രണ്ട് തവണയാണ് ഉപയോഗിക്കേണ്ടത്. ബാക്കി സമയം ശുദ്ധമായ വെള്ളം കൊണ്ട് കഴുകിയാൽ മതി. മുഖക്കുരുവിനെ അകറ്റാൻ ഇത് സഹായിക്കും.
വിയർത്താൽ അത് ഒരു തൂവാല ഉപയോഗിച്ച് തുടച്ചുകളയണം. വിയർപ്പിലൂടെ മാലിന്യവും പുറന്തള്ളുന്നുണ്ട്. അതിനാൽ കൃത്യമായി വിയർപ്പ് തുടച്ചുകളയുക. ചൂടുകാലത്ത് അമിതമായി മേക്കപ്പ് ഇടരുത്. ആഹാരത്തിൽ പച്ചക്കറികളും, ജലാംശം കൂടിയ പഴങ്ങളും ഉൾപ്പെടുത്തണം.