ബോളിവുഡ് നടി ജാൻവി കപൂറിന്റെ ആരാധകർക്ക് സുവർണാവസരം. താരം കുട്ടിക്കാലത്ത് താമസിച്ചിരുന്ന ചെന്നൈയിലെ വസതിയിൽ താമസിക്കാനാണ് അവസരമുളളത്. പ്രമുഖ സൈറ്റായ എയർ ബിഎൻബിയിലൂടെയാണ് വസതിയിൽ അതിഥിയായി എത്താൻ സാധിക്കുക.'ബോളിവുഡ് താരം ജാൻവിയെ പോലെ ജീവിക്കുക' എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജാൻവിയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഈ മാസം 12 മുതലാണ് ആരാധകർക്കായി വീട് തുറന്നുനൽകുന്നതെന്നാണ് വിവരം, ഒരു സമയം രണ്ട് അതിഥികൾക്കാണ് ജാൻവിയുടെ വസതിയിൽ താമസിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. ഇവർക്കായി ഒരു മുറിയും കുളിമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ താരം തിരഞ്ഞെടുക്കുന്ന അതിഥികൾക്ക് പ്രത്യേക ഓഫറുകളും സൈറ്റിൽ പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്നവർക്ക് ഒരു ദിവസം മുഴുവനും ജാൻവിയുമായി സമയം ചെലവഴിക്കാനും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടാനും അവസരമുണ്ട്. അതിഥികൾക്ക് പ്രത്യേകം തയ്യാറാക്കിയ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളും താരത്തിന്റെ പ്രിയ ഭക്ഷണമായ ഗീ പൊടി റൈസും പാൽകോവയും കഴിക്കാനും ഓഫറുകളുണ്ട്. അവിടെ വച്ച് ജാൻവിയുടെ അമ്മയും നടിയുമായ ശ്രീദേവി പഠിപ്പിച്ച നാടൻ സൗന്ദര്യ സംരക്ഷണ മാർഗങ്ങളും താരം പങ്കുവയ്ക്കും.
എയർ ബിഎൻബിയിൽ ജാൻവി ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'എന്റെ കുട്ടിക്കാലത്ത് അവധി സമയങ്ങളിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവഴിച്ച വീടാണിത്. കുടുംബത്തോടൊപ്പം ചെലവഴിച്ച സ്ഥലമാണിത്. ഇത് പവിത്രമായ സ്ഥലമാണ്. അതിനാൽ തന്നെ എന്റെ ആരാധകർക്കും ഈ അവസരം ഉണ്ടാകണം. കുറച്ച് അതിഥികൾക്കായി ഞാൻ വീട് ഒരുക്കുകയാണ്. കപൂർ കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാം. നിങ്ങൾക്ക് ആശ്വാസം കണ്ടെത്താം, ദക്ഷിണേന്ത്യൻ ഭക്ഷണം കഴിക്കാം, യോഗ ചെയ്യാം, എന്റെ അമ്മയുടെ നാടൻ സൗന്ദര്യ സംരക്ഷണ രീതികൾ പരിചയപ്പെടാം. ഇതെല്ലാം എനിക്ക് നിങ്ങളോടൊപ്പം പങ്കുവയ്ക്കണം'- ജാൻവി കുറിച്ചു.
നാല് ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന വസതി ശ്രീദേവിയാണ് വർഷങ്ങൾക്ക് മുൻപ് വാങ്ങിയത്. ജാൻവിയെ കൂടാതെ മറ്റ് 11 പ്രമുഖ വ്യക്തികളും ഇത്തരത്തിലുളള സ്ഥലങ്ങൾ സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി എയർ ബിഎൻബി സന്ദർശിക്കുക.